കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐയ്‌ക്കു വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കേസന്വേഷണം സി.ബി.ഐയ്ക്കു കൈമാറിയ സിംഗിൾബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് അപ്പീൽ അടിയന്തര വാദത്തിന് തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവർ ഫെബ്രുവരി 17 നാണ് കൊല്ലപ്പെട്ടത്. സി.പി.എം പ്രവർത്തകർ പ്രതികളായ കേസിൽ അന്വേഷണം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് അന്വേഷണം സി.ബി.ഐയ്ക്കു വിട്ടത്. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.
ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇന്നലെ രാവിലെ പരിഗണിച്ച അപ്പീലിൽ സർക്കാരിനുവേണ്ടി മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത്കുമാർ ഹാജരായി. കേസ് ഡയറി പരിശോധിക്കാതെയാണ് സിംഗിൾ ബെഞ്ച് കുറ്റപത്രം റദ്ദാക്കിയതെന്ന് സർക്കാർ വാദിച്ചു. നീതിയുക്തമായ കുറ്റപത്രമുണ്ടെങ്കിലേ ന്യായമായ വിചാരണ സാദ്ധ്യമാകൂവെന്ന് വാക്കാൽ പറഞ്ഞ ഡിവിഷൻ ബെഞ്ച് ആയുധം കണ്ടെടുത്ത ഫോറൻസിക് സർജന്റെ മൊഴി ഒരു മാസം കഴിഞ്ഞാണ് രേഖപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ ആയുധങ്ങൾ കണ്ടെടുത്ത് കോടതി മുമ്പാകെ സമർപ്പിച്ചെന്നും കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നും സർക്കാർ വിശദീകരിച്ചു.
മൂന്നു പേരെ തെളിവില്ലാതെ പ്രതിയാക്കിയെന്ന് സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നുണ്ടെന്നും കൊലപാതകത്തിനു മുമ്പ് ചേർന്ന യോഗത്തിൽ പങ്കെടുത്തവർ ഫോണിൽ വിളിച്ചതായി പറയുന്നുണ്ടെന്നും ഡിവിഷൻബെഞ്ച് പറഞ്ഞു. ഇരുമ്പുവടി കൊണ്ടു മർദ്ദിച്ചാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്ന തരം മുറിവുകളുണ്ടാവുമോ? കേസിൽ തുടരന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടതെന്നും ഏത് ഏജൻസിയാണ് അന്വേഷണം നടത്തേണ്ടതെന്നും പരിശോധിക്കുമെന്ന് ഡിവിഷൻബെഞ്ച് പറഞ്ഞു. തുടർന്നാണ് സി.ബി.ഐ ഉൾപ്പെടെ എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ നിർദ്ദേശിച്ച് അപ്പീൽ തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
അന്വേഷണം ഏറ്റെടുത്ത് എറണാകുളം സി.ജെ.എം കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചെന്ന് സി.ബി.ഐയുടെ അഭിഭാഷകൻ വിശദീകരിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും കേസ് ഫയൽ ലഭിച്ചില്ല. കേസ് ഡയറി കിട്ടിയില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.
അന്വേഷണം സി.ബി.ഐയ്ക്കു കൈമാറാത്തതിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുണ്ടെന്ന് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കളുടെ അഭിഭാഷകൻ പറഞ്ഞു. കോടതിയലക്ഷ്യ ഹർജി നൽകി തൊട്ടടുത്തദിവസം സി.ബി.ഐ സംഘം എഫ്.ഐ.ആർ കോടതിയിൽ നൽകി. അതിനടുത്ത ദിവസം സർക്കാർ അപ്പീലും നൽകി - അഭിഭാഷകൻ വിശദീകരിച്ചു.