കൊച്ചി: വ്യാപാരികൾക്ക് ദ്രോഹകരമായ നടപടികൾക്കെതിരെ ജില്ലയിൽ നടത്തിയ കടയടപ്പുസമരം സമ്പൂർണം. സ്ഥാപനങ്ങൾ ഒരു ദിവസം അടച്ചിട്ടതോടെ വ്യാപാര വ്യവസായ മേഖല പൂർണമായി സ്തംഭിച്ചു. ആയിരക്കണക്കിന് വ്യാപാരികളും വ്യവസായികളും വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങളിൽ ജീവനക്കാരും പങ്കുചേർന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി, വിവിധ ചേംബറുകൾ, വാണിജ്യ, വ്യാപാര സംഘടനകൾ തുടങ്ങിയവയാണ് കടയടപ്പ് സമരം ആഹ്വാനം ചെയ്തത്. മരുന്നു കടകൾ പൂർണമായും ഹോട്ടലുകൾ ഉച്ചയ്ക്കുശേഷവും പ്രവർത്തിച്ചു. വൻകിട മാളുകളും ബ്രാൻഡഡ് ഉത്പന്നങ്ങൾ വിൽക്കുന്ന കടകളും അങ്ങിങ്ങായി തുറന്നു.
കൊച്ചിയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ ബ്രോഡ്‌വേ, എം.ജി. റോഡ്, മട്ടാഞ്ചേരി, ബൈപ്പാസ് മേഖലകളിൽ കടകൾ അടഞ്ഞുകിടന്നു. പറവൂർ, ആലുവ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, കൂത്താട്ടുകുളം, പിറവം, കോലഞ്ചേരി, കോതമംഗലം മേഖലകളിലെ പ്രശസ്തമായ മാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ചെറുകിട സ്ഥാപനങ്ങൾ മുതൽ മൊത്തവില്പന കേന്ദ്രങ്ങൾ വരെ സമരത്തിൽ പങ്കുചേർന്നു.
ജി.എസ്.ടി ഡപ്യൂട്ടി കമ്മിഷണർ ഓഫീസിലേയ്ക്ക് മാർച്ച് നടത്തി
കൊച്ചി നഗരത്തിലെ വ്യാപാരികൾ തേവരയിലെ ജി.എസ്.ടി ഡപ്യൂട്ടി കമ്മിഷണർ ഓഫീസിലേയ്ക്ക് മാർച്ചു ധർണയും നടത്തി. ജോസ് ജംഗ്ഷനിൽ ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് വ്യാപാരികളും സ്ഥാപനങ്ങളിലെ ജീവനക്കാരും അണിനിരന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ തുടങ്ങിയവർ നേതൃത്വം നൽകി. കേരള വ്യാപാരി വ്യവസായി സമിതി പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും അംഗങ്ങളായ പലരും കടകൾ തുറന്നില്ല.
വ്യാപാരികളുടെ ആവശ്യങ്ങൾ
#വ്യാപാര സമൂഹത്തെ നശിപ്പിക്കുന്ന നിലപാടുകൾ സർക്കാരും ഉദ്യോഗസ്ഥൂും അവസാനിപ്പിക്കുക
#ജി.എസ്.ടിയുടെ പേരിൽ വ്യാപാരിദ്രോഹങ്ങൾ നിറുത്തുക
#വാറ്റിൽ തീർപ്പാക്കിയ കണക്കുകളിലും ലക്ഷങ്ങൾ പിഴയിടുന്നത് അവസാനിപ്പിക്കുക
#വിലക്കയറ്റം സൃഷ്ടിക്കുന്ന പ്രളയസെസ് പിൻവലിക്കുക
#വികസന പദ്ധതികൾക്ക് കുടിയൊഴിപ്പിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുക
#ജില്ലയിൽ സമരവുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല