കൊച്ചി : കൊല്ലം ജില്ലയിലെ ആര്യങ്കാവ് പ്രിയ എസ്റ്റേറ്റിന്റെ ഭൂനികുതി സ്വീകരിക്കണമെന്ന ഹൈക്കോടതി വിധി വസ്തുതകൾ മറച്ചുവച്ച് സമ്പാദിച്ചതാണെന്ന് കണ്ടെത്തിയ ഹൈക്കോടതി സിംഗിൾബെഞ്ച് എസ്റ്റേറ്റ് അധികൃതർക്ക് അഞ്ച് ലക്ഷം രൂപ പിഴചുമത്തി ഉത്തരവിട്ടു. രണ്ടു മാസത്തിനുള്ളിൽ ലീഗൽ സർവീസ് അതോറിട്ടി മുമ്പാകെ തുക കെട്ടിവയ്ക്കണം. പ്രിയ എസ്റ്റേറ്റിന്റെ കരം സ്വീകരിക്കാൻ വില്ലേജ് ഒാഫീസർക്ക് നൽകിയ ഉത്തരവിനെതിരെ സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജിയാണ് പരിഗണിച്ചത്.
പ്രിയ എസ്റ്റേറ്റിലെ 492.13 ഏക്കർ ഭൂമിയുടെ കരം സ്വീകരിക്കാൻ 2018 ഒക്ടോബർ 30നാണ് ഉത്തരവിട്ടത്. ഇതു നടപ്പാക്കാത്തതിനെത്തുടർന്ന് പ്രിയ എസ്റ്റേറ്റ് ഡയറക്ടർ കെ.ജി. സുരേഷ് നൽകിയ കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതി പരിഗണിച്ചിരുന്നു. എന്നാൽ എസ്റ്റേറ്റിലെ 329.76 ഏക്കർ ഭൂമി പരിസ്ഥിതിലോല പ്രദേശമായി 2010ൽ വിജ്ഞാപനം ചെയ്തതാണെന്നും 51.42 ഏക്കർ ഭൂമി നിക്ഷിപ്ത വനഭൂമിയാണെന്നും വ്യക്തമാക്കി സർക്കാർ പുനഃപരിശോധനാ ഹർജി നൽകി.
എസ്റ്റേറ്റ് അധികൃതർ ഇ.എഫ്.എൽ ട്രൈബ്യൂണലിൽ നൽകിയ ഹർജിയിൽ പരിസ്ഥിതിലോല പ്രദേശമല്ലെന്ന് വിധി പറഞ്ഞിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ തത്‌സ്ഥിതി തുടരാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്. ഇതു മറച്ചുവച്ച്, ഭൂമിയുടെ കസ്റ്റോഡിയനായ വനംവകുപ്പിനെ കക്ഷി ചേർക്കാതെയാണ് നികുതി സ്വീകരിക്കാൻ നിർദ്ദേശിക്കണമെന്ന ഹർജി നൽകിയതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹർജിക്കാർ തെറ്റിദ്ധരിപ്പിച്ചെന്ന് ഹൈക്കോടതി വിലയിരുത്തിയത്.