# മാറ്റിയാൽ രാജി വയ്ക്കുമെന്ന് രണ്ടു കൗൺസിലർമാർ
# രാജി വച്ചാൽ യു.ഡി.എഫിന് ഭരണം നഷ്ടമാകും
# തിരുവനന്തപുരത്ത് ഇന്ന് നിർണായക യോഗം
യു.ഡി. എഫ് നേതൃത്വത്തിന് അമ്പരപ്പ്
കൊച്ചി: കൊച്ചി മേയർ സൗമിനി ജെയിനെ പിന്തുണച്ച് രണ്ട് വനിത കൗൺസിലർമാർ പരസ്യമായി രംഗത്തെത്തിയതോടെ കൊച്ചി കോർപ്പറേഷനിലെ വിവാദങ്ങൾ ആന്റി ക്ളൈമാക്സിലേയ്ക്ക്. മേയറെ മാറ്റിയാൽ തങ്ങൾ രാജിവയ്ക്കുമെന്ന് കോൺഗ്രസ് കൗൺസിലറായ ജോസ് മേരിയും സ്വതന്ത്ര അംഗമായ ഗീത പ്രഭാകറും പ്രഖ്യാപിച്ചത് കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായി.
ടി.ജെ.വിനോദ് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഒരേയൊരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിൽക്കുകയാണ് യു.ഡി.എഫ്. മേയറെ മാറ്റുന്ന കാര്യത്തിൽ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം അന്തിമ തീരുമാനമെടുക്കാനിരിക്കെയാണ് പുതിയ നീക്കം.
# മേയറും പങ്കെടുക്കും
തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് സൗമിനി ജെയിനിനോട് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നേതൃത്വത്തെ അമ്പരപ്പിച്ച് അപ്രതീക്ഷിത സംഭവങ്ങൾ . സൗമിനിയുടെ പ്രവർത്തനത്തിൽ തങ്ങൾ സംതൃപ്തരാണെന്ന് ഇരു കൗൺസിലർമാരും പറഞ്ഞു. ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ എട്ടു മാസം മാത്രം അവശേഷിക്കുമ്പോൾ സ്ഥാനമാറ്റത്തിന്റെ ആവശ്യമുണ്ടോയെന്നാണ് മറ്റൊരു ചോദ്യം. ചില നേതാക്കളാണ് ചരടുവലിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ചിലരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമം. സ്ഥാനമാറ്റത്തെ കുറിച്ച് കൗൺസിലർമാരുമായി ആലോചിച്ചിട്ടില്ലെന്നും വരുംദിവസങ്ങളിൽ കൂടുതൽ പേർ മേയർക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നും ജോസ് മേരിയും ഗീത പ്രഭാകറും പറഞ്ഞു.
# മേയർക്കെതിരെ ജില്ല നേതൃത്വം
ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് മേയറെ മാറ്റാമെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സമ്മതിക്കേണ്ടി വന്നു. ഹൈബി ഈഡൻ എം.പി, വി.ഡി.സതീശൻ എം.എൽ.എ തുടങ്ങി ഐ വിഭാഗത്തിലെ നേതാക്കൾ മാത്രമല്ല, മേയർ ഉൾപ്പെടുന്ന എ ഗ്രൂപ്പുകാരായ ബെന്നി ബെഹനാനും കെ. ബാബുവും മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഉപതിരഞ്ഞെടുപ്പിലെ കുറഞ്ഞ ഭൂരിപക്ഷത്തിന്റെയോ കോടതി വിമർശനത്തിന്റെയോ പേരിലല്ല മറിച്ച് തിരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയ ധാരണ പ്രകാരം മേയറെയും മുഴുവൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെയും മാറ്റണമെന്ന് മുതിർന്ന നേതാക്കൾ നിർബന്ധം പിടിച്ചു.
അതേസമയം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇതുവരെ ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല. കെ.വി. തോമസും പി.ടി. തോമസ് എം.എൽ.എയും തത്ക്കാലം ഭരണമാറ്റം ആവശ്യമില്ലെന്ന നിലപാടുകാരാണ്.