കൊച്ചി : കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ തുടരുന്ന ഉൗറ്റ് അവസാനിപ്പിക്കണമെന്ന് ഹൈബി ഈഡൻ എം.പി. ആവശ്യപ്പെട്ടു.
വ്യാപാരി വ്യവസായി ഏകോപന സമിതി തേവരയിലെ ജി.എസ്.ടി ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യാപാരികൾക്ക് നോട്ടീസ് അയച്ചത് വകുപ്പിന്റെ സോഫ്‌റ്റ്‌വെയറിലെ തകരാർ മൂലമാണെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. അതു ശരിയാണെങ്കിൽ അയച്ച മുഴുവൻ നോട്ടീസുകളും പിൻവലിക്കാൻ തയ്യാറാകണം. തെറ്റായി നോട്ടീസ് അയച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. നോട്ടീസ് ലഭിച്ചതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്ത വ്യാപാരിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.