കൊച്ചി : പാലാരിവട്ടം ഫ്ളൈഒാവർ നിർമ്മാണത്തിന്റെ കരാർ ഏറ്റെടുത്തപ്പോൾ പെർഫോമൻസ് ബാങ്ക് ഗാരന്റിയായി കെട്ടിവെച്ച 4.13 കോടി രൂപ സർക്കാർ അന്യായമായി ഇൗടാക്കിയെന്നാരോപിച്ച് കരാർ കമ്പനിയായ ആർ.ഡി.എസ് പ്രൊജക്ട്സ് നൽകിയ ഹർജിയിൽ തത് സ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. ഫ്ളൈഒാവർ നിർമ്മാണത്തിന്റെ ടെണ്ടർ ലഭിച്ചതിനെത്തുടർന്ന് 2014 മാർച്ച് അഞ്ചിന് ബാങ്ക് ഒഫ് ബറോഡയിൽ തുക കെട്ടിവച്ചെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ ഫ്ളൈഒാവർ പൊളിച്ചുപണിയാൻ തീരുമാനിച്ചതോടെ ബാങ്ക് ഗ്യാരന്റി തുക ഇൗടാക്കി നൽകാൻ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനെചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. തുടർന്ന് കോർപ്പറേഷൻ നൽകിയ കത്തുപ്രകാരം ബാങ്ക് അധികൃതർ കഴിഞ്ഞ തിങ്കളാഴ്ച പണം കൈമാറിയെന്നാണ് വിവരമെന്നും കമ്പനിയുടെ ഡയറക്ടർ ശശാങ്ക് ഗോയൽ നൽകിയ ഹർജിയിൽ പറയുന്നു.
കരാർ പ്രകാരം തുക ഇൗടാക്കണമെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ കരാറുകാരൻ വരുത്തിയവീഴ്ച വ്യക്തമാക്കി നോട്ടീസ് നൽകണം. ഇതു പാലിക്കാതെ പണം ഇൗടാക്കിയത് സ്വേച്ഛാപരവും സ്വാഭാവികനീതി നിഷേധവുമാണ്. പണം ബാങ്കിലടയ്ക്കാൻ നിർദ്ദേശിക്കണം, അന്യായമായി ഇൗടാക്കിയ പണം ഉപയോഗിക്കുന്നത് തടയണം എന്നീ ആവശ്യങ്ങളാണ് ഹർജിയിലുള്ളത്. 2016 ഒക്ടോബർ 12 ന് ഉദ്ഘാടനം നടത്താനായി മഴക്കാലത്തു തന്നെ ഫ്ളൈഒാവറിൽ ടാറിംഗ് നടത്തേണ്ടിവന്നു. തുടർന്ന് ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടെന്നും ഇതു ശരിയാക്കാൻ നടപടികൾ സ്വീകരിച്ചെങ്കിലും ഭാരപരിശോധന പോലും നടത്താതെ സർക്കാർ ഫ്ളൈഒാവർ പൊളിച്ചു പണിയാൻ തീരുമാനിച്ചെന്നും ഹർജിയിൽ പറയുന്നു.