ആലുവ: 312 ഇനങ്ങളിലായി ആറായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഉപജില്ലാ കലോത്സവത്തിന് നാളെ ആലുവ ടൗൺഹാളിൽ തിരിശീല ഉയരുമെന്ന് ആലുവ നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, എ.ഇ.ഒ ഷൈല പാറപ്പുറത്ത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഗവ. ബോയ്സ് എച്ച്.എസ്.എസ്, ടൗൺഹാൾ, ടാസ് ഹാൾ, എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, ഗവ. ഗേൾസ് എച്ച്.എസ്.എസ്, സെന്റ് ഫ്രാൻസിസ്, സെന്റ് ജോൺസ്, എച്ച്.എ.സി എൽ.പി.എസ് എന്നിവിടങ്ങളിലെ 13 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. നവംബർ രണ്ടിന് സമാപിക്കും. നാളെ ഉച്ചയ്ക്ക് 2.30ന് ബി.എ. അബ്ദുൾ മുത്തലിബ് കലോത്സവം ഉദ്ഘാടനം ചെയ്യും. നവംബർ രണ്ടിന് രാത്രി 7.30ന് നടക്കുന്ന സമാപന സമ്മേളനം അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സമ്മാനദാനം നിർവഹിക്കും.
സംഘാടക സമിതി ഭാരവാഹികളായ നിസാർ അഹമ്മദ് ഷെരീഫ്, ശശിധരൻ കല്ലേരി, സിബി അഗസ്റ്റ്യൻ, കെ.എൻ. ആൽബി, എൻ.എച്ച്. ജബ്ബാർ, സി.എസ്. സിദ്ദിഖ്, സുമകുമാരി, എ.എൻ. അശോകൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.