കൊച്ചി : കേരള ബാങ്ക് രൂപീകരിക്കാൻ ജില്ലാ സഹകരണ ബാങ്കുകളുടെ ലയന നടപടിയുമായി സർക്കാരിന് മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകി. കേരള ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ അപേക്ഷയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. കേരള ബാങ്കിന്റെ രൂപീകരണത്തെ ചോദ്യം ചെയ്ത് തൊടുപുഴ ആലക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു, കോഴിക്കോട് കുരുവട്ടൂർ സഹകരണ ബാങ്ക് ചെയർമാൻ എൻ. സുബ്രഹ്മണ്യൻ ഉൾപ്പെടെ നൽകിയ ഹർജിയാണ് ഹൈക്കോടതിയിലുള്ളത്. ഹർജിക്കാർ അപേക്ഷയെ എതിർത്തെങ്കിലും ബാങ്കുകളുടെ ലയനം അംഗീകരിച്ച് അന്തിമവിജ്ഞാപനം ഇറക്കുന്നതിനു മാത്രമാണ് കഴിഞ്ഞ മാർച്ച് 12 ലെ ഇടക്കാല ഉത്തരവുപ്രകാരം വിലക്കുള്ളതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മറ്റുള്ള നടപടികളുമായി സർക്കാരിന് മുന്നോട്ടുപോകാമെന്നും വ്യക്തമാക്കി.
റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ നിലവിലുള്ള ഹർജികൾ നേരത്തെ പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് 2020 മാർച്ച് 31 നകം നടപടികൾ സ്വീകരിക്കാനാണ് റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുള്ളത്. ആ നിലയ്ക്ക് ലയന നടപടികളുമായി മുന്നോട്ടുപോകാൻ സഹകരണ സംഘം രജിസ്ട്രാറെ അനുവദിക്കണെമന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇൗ വാദം അംഗീകരിച്ച ഹൈക്കോടതി ഹർജികൾ നവംബർ നാലിന് പരിഗണിക്കാൻ മാറ്റി.