പറവൂർ : പ്രളയം നാശനഷ്ടമുണ്ടാക്കിയ സാഹചര്യത്തിൽ ചെമ്മീൻ കർഷകർക്ക് ഈ വർഷം സൗജന്യമായി ചെമ്മീൻ കുഞ്ഞുങ്ങളെ നൽകണമെന്നാവശ്യപ്പെട്ടു കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം.കെ. പ്രദീപ്, പ്രസിഡന്റ് പി.ആർ. രാധാകൃഷ്ണൻ എന്നിവർ ഫിഷറീസ് മന്ത്രിക്കു നിവേദനം നൽകി. സർക്കാരിന്റെ ജനകീയ മത്സ്യകൃഷി പദ്ധതി കൊണ്ട് കർഷകർക്കു പ്രയോജനമുണ്ടാകുന്നില്ല. ഒരേക്കറിൽ 12000 കാരചെമ്മീൻ കുഞ്ഞുങ്ങളെയാണ് സർക്കാർ സബ്സിഡിയായി കൊടുക്കുന്നത്. സർക്കാർ ഹാച്ചറികളിൽ നിന്ന് കുഞ്ഞിനെ വാങ്ങണമെന്നാണ് നിബന്ധന. സർക്കാർ ഹാച്ചറികളിൽ ഒരു കുഞ്ഞിന് 60 പൈസയാണ് വില. സ്വകാര്യ ഹാച്ചറികളിൽ നിന്നു 30 പൈസക്ക് ലഭിക്കും. കർഷകന് താൽപര്യമുള്ളിടത്തു നിന്നു കുഞ്ഞുങ്ങളെ വാങ്ങാൻ അനുവദിക്കുകയോ സർക്കാർ ഹാച്ചറികൾ സ്വകാര്യ ഹാച്ചറികൾ നൽകുന്ന വിലയ്ക്കു കുഞ്ഞുങ്ങളെ നൽകുകയോ ചെയ്യണമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.