കൊച്ചി : കോതമംഗലം ചെറിയ പള്ളിയിൽ സുപ്രീംകോടതി വിധിയനുസരിച്ച് ആരാധന നടത്താൻ പൊലീസ് സംരക്ഷണം തേടിയുള്ള ഹർജിയുൾപ്പെടെയുള്ളവ ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. സുപ്രീംകോടതി വിധി പ്രകാരം ആരാധന നടത്താൻ പൊലീസ് സംരക്ഷണം തേടി പള്ളി വികാരി തോമസ് പോൾ റമ്പാൻ ഉൾപ്പെടെ നൽകിയ ഹർജികളാണ് ഹൈക്കോടതിയിലുള്ളത്.
കഴിഞ്ഞദിവസം തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ ഒാർത്തഡോക്സ് വിഭാഗം പള്ളിയിലെത്തിയെങ്കിലും യാക്കോബായ വിഭാഗത്തിന്റെ കടുത്ത എതിർപ്പിനെത്തുടർന്ന് മടങ്ങിപ്പോകേണ്ടിവന്നു. നേരത്തെ ഹർജിയിൽ പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.