ജില്ലാതല ഉദ്ഘാടനം ഇന്ന്
തൃക്കാക്കര: ഉപയോഗശേഷമുളള പ്ലാസ്റ്റിക് ഉൾപ്പെടെയുളള പാഴ് വസ്തുക്കൾ വൃത്തിയായി വേർതിരിച്ച് കൈമാറുന്ന പദ്ധതി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കും. കളക്ടേഴ്‌സ് അറ്റ് സ്കൂൾ എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്യും.
പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിലെ മൂന്ന് വിദ്യാലയങ്ങളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനതല പദ്ധതിയിൽ നിന്നും വ്യത്യസ്തമായി ജില്ലയിൽ ജൈവമാലിന്യ സംസ്‌കരണവും ജൈവകൃഷിയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. വിദ്യാർത്ഥികളിൽ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്‌കാരം രൂപപ്പെടുത്തുന്നതിനും മാലിന്യം തരംതിരിച്ച് സംസ്‌കരിക്കേണ്ടതിന്റെ ആവശ്യത കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അതുവഴി സമൂഹത്തിലും എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അംഗൻവാടി മുതൽ കോളേജ് തലംവരെ വ്യത്യസ്ത പദ്ധതികൾ ശുചിത്വമിഷൻ വിഭാവനം ചെയ്തിട്ടുണ്ട്.
ബോധവത്ക്കരണ പരിപാടികൾക്ക് പുറമേ ഓരോ വിദ്യാലയങ്ങളിലും നാല് തരം വസ്തുക്കൾ വേർതിരിച്ച് സംഭരിക്കുന്നതിനുള്ള മിനി മെറ്റീരീയൽ കളക്ഷൻ ഫെസിലിറ്റികൾ (എം.സി.എഫ്) സ്ഥാപിക്കും. അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചിത്വമിഷനാണ് ഇത് സ്ഥാപിക്കുന്നത്. പെറ്റ് ബോട്ടിൽ, ഹാർഡ് ബോട്ടിൽ, പാൽ കവർ, പേപ്പർ എന്നിവ വിദ്യാർത്ഥികൾ വീടുകളിൽ നിന്നും വൃത്തിയാക്കി വിദ്യാലയങ്ങളിൽ എത്തിക്കും. എം.സി.എഫിൽ നിന്ന് വസ്തുക്കൾ ശേഖരിക്കുന്നതിന് അടുത്തുള്ള പാഴ് വസ്തു വ്യാപാരിയെയോ തദ്ദേശഭരണ സ്ഥാപത്തിന്റെ ഹരിതകർമ സേനയെയോ ചുമതലപ്പെടുത്തും. ശുചിത്വ മിഷൻ, വിദ്യാഭ്യാസ വകുപ്പ്, ഹരിത കേരള മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്‌കൂൾതല സന്നദ്ധ സംഘടനകൾ, കുടുംബശ്രീ മിഷൻ, വ്യാപാരി വ്യവസായികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പറവൂർ മുൻസിപ്പൽ ചെയർമാൻ രമേശ് ഡി. കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല ഉദ്ഘാടനത്തിൽ അസിസ്റ്റന്റ് കളക്ടർ എം.എസ് മാധവിക്കുട്ടി ജൈവകൃഷി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ പി.എച്ച് ഷൈൻ, സ്‌കൂൾ പ്രിൻസിപ്പാൾ ലാലി, പി.ടി.എ പ്രസിഡന്റ് ഡൈന്യൂസ് തോമസ് എന്നിവർ പങ്കെടുക്കും.