കൊച്ചി : ശാന്തിഗിരി ആശ്രമം, ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ വാർത്തകൾ പ്രചരിക്കുന്നത് തടയാൻ ഹൈക്കോടതി നിർദ്ദേശം നൽകി. കേന്ദ്ര ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് നടപടിയെടുക്കേണ്ടത്. ആശ്രമം അധികൃതർ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും നടപടി വൈകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുരുരത്നം ജ്ഞാനതപസ്വി ഹൈക്കോടതിയെ സമീപിച്ചത്. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ലഭിച്ച പരാതി കേന്ദ്ര സർക്കാരിന്റെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനു കൈമാറാനും ഇങ്ങനെ പരാതി ലഭിച്ചാൽ നിയമപരമായി നടപടികൾ സ്വീകരിക്കണമെന്നുമാണ് വിധിയിൽ പറയുന്നത്. ശാന്തിഗിരി ആശ്രമത്തിനും സന്യാസിമാർക്കുമെതിരെ നിരന്തരം വ്യാജവാർത്തകൾ പ്രചരിക്കുന്ന സാഹചര്യമുണ്ടെന്നും സോഷ്യൽ മീഡിയയിലെ ഇത്തരം നടപടി തടയാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.