കൊച്ചി : ആലുവ - മൂന്നാർ, ആലുവ - മൂവാറ്റുപുഴ റോഡുകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് എടത്തല ഗ്രാമപഞ്ചായത്തംഗം റജി പ്രകാശ് നൽകിയ ഹർജിയിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
ആലുവ - മൂന്നാർ റോഡിൽ കൊച്ചിൻ ബാങ്ക് മുതൽ രാജഗിരി വരെയും ആലുവ - മൂവാറ്റുപഴ റോഡിൽ കൊച്ചിൻ ബാങ്ക് മുതൽ പൂക്കാട്ടുപടി വരെയും അനധികൃത കൈയേറ്റങ്ങളുണ്ടെന്ന് ഹർജിയിൽ പറയുന്നു. റോഡിന്റെ ഇരുവശവും താത്കാലികമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ഭൂമി കൈയേറിയതിനാൽ റോഡിന്റെ വീതി കുറഞ്ഞു. ഇതു ഗതാഗതക്കുരുക്കിനും വാഹനാപകടങ്ങൾക്കും കാരണമാകുന്നു. കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടെ ഇവിടെ 417 അപകടങ്ങളുണ്ടായി. 20 പേർ മരിച്ചു. 275 പേർക്ക് ഗുരുതരമായി പരിക്കേറ്റു. അധികൃതർ മൗനം തുടരുന്ന സാഹചര്യത്തിൽ ദിനംപ്രതി അനധികൃത കൈയേറ്റം കൂടി വരികയാണെന്ന് ഹർജിയിൽ പറയുന്നു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ട്രാഫിക് പൊലീസ് എടത്തല, കീഴ്‌മാട്, ചൂർണിക്കര പഞ്ചായത്തുകളോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം അളന്നു അടയാളപ്പെടുത്തി നൽകാൻ അസി. എക്സിക്യുട്ടീവ് എൻജിനിയർ ആലുവ തഹസിൽദാർക്ക് അപേക്ഷ നൽകിയതിലും നടപടിയുണ്ടായില്ല. ഇരു റോഡുകളിലെയും അനധികൃത കൈയേറ്റം ഒഴിപ്പിക്കാൻ ജില്ളാ കളക്ടർക്ക് കഴിഞ്ഞ നവംബർ അഞ്ചിന് നിവേദനം നൽകിയിട്ട് ഫലമുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.
ഹർജിയിൽ പറയുന്നത്
ആലുവ - മൂന്നാർ റോഡിൽ കൊച്ചിൻ ബാങ്ക് മുതൽ രാജഗിരി വരെയും ആലുവ - മൂവാറ്റുപഴ റോഡിൽ കൊച്ചിൻ ബാങ്ക് മുതൽ പൂക്കാട്ടുപടി വരെയും അനധികൃത കൈയേറ്റങ്ങൾ
റോഡിന്റെ ഇരുവശവും താത്കാലികമായി നിർമ്മാണ പ്രവർത്തനങ്ങൾ
. കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടെ ഇവിടെ 417 അപകടങ്ങൾ
20 മരണം
. 275 പേർക്ക് ഗുരുതരമായി പരിക്ക്