കൊച്ചി: ഇടപ്പള്ളി ടോൾ ഗേറ്റിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാരുടെയും കച്ചവടക്കാരുടെയും സംയുക്തയോഗം അധികൃതരോട് ആവശ്യപ്പെട്ടു. അര മണിക്കൂർ മഴ പെയ്യുമ്പോഴേക്കും വ്യാപാരസ്ഥാപനങ്ങളും വീടുകളും ഉൾപ്പെടെ എല്ലായിടങ്ങളിലും വെള്ളം കയറി വൻനാശനഷ്ടം ഉണ്ടാകുന്ന അവസ്ഥയാണ്. പ്രശ്നപരിഹാരത്തിനായി നിലവിലുള്ള കാനകളുടെ ആഴവും വീതിയും വർദ്ധിപ്പിക്കുന്നതിനൊപ്പം മങ്കുഴി റോഡ്, ദേശീയപാത എന്നിവയിൽ കൂടി ഇടപ്പള്ളി തോട്ടിലേക്കും പുക്കാട്ടുപടി റോഡിലൂടെ പരുത്തേലി തോട്ടിലേക്കും യുദ്ധകാലാടിസ്ഥാനത്തിൽ കാന നിർമ്മിച്ച് ടോൾഗേറ്റിൽ വന്നുചേരുന്ന വെള്ളം ഒഴുക്കികളയാനുള്ള സൗകര്യം ഒരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അഡ്വ.ഷെറീഫ് മരക്കാർ അദ്ധ്യക്ഷനായി. കൗൺസിലർമാരായ ബിന്ദു മനോഹരൻ, ജലീൽ, വി.എച്ച്. ആസാദ്, വ്യാപാരി വ്യവസായി നേതാക്കളായ ടി.എ. ജലീൽ, കെ.കെ. കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.