കൊച്ചി: പാരമ്പര്യേതര ഊർജമേഖലയിലെ സംരംഭകരുടെയും പ്രമോട്ടർമാരുടെയും അസോസിയേഷനായ കീപ്രയുടെ നാലാമത് ത്രിദിന ഗ്രീൻ പവർ എക്‌സ്‌പോയ്ക്ക് ബോൾഗാട്ടി ഇവന്റ് സെന്ററിൽ നാളെ തുടക്കമാകും. പ്രദർശനത്തോടൊപ്പം പാരമ്പര്യേതര ഊർജമേഖലയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കുമെന്ന് കീപ്ര പ്രസിഡന്റും കൺവീനറുമായ ജോസ് കല്ലൂക്കാരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
എക്‌സ്‌പോ നാളെ രാവിലെ 10.30ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ടി.ജെ.വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അനർട്ട് ഡയറക്ടർ അമിത് മീണ മുഖ്യപ്രഭാഷണം നടത്തും. ഐ.ജി വിജയ് സാക്കറെ, എം.എസ്.എം.ജി ഡയറക്‌ടർ ഇൻ ചാർജ് എം. പളനിവേൽ, അനർട്ട് ജനറൽ മാനേജർ പി. ചന്ദ്രശേഖരൻ, ശുചിത്വ മിഷൻ ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പി.എച്ച്. ഷൈൻ തുടങ്ങിയവർ സംസാരിക്കും.
മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തിൽ കെ.എസ്.ഇ.ആർ.സി ചെയർമാൻ പ്രേമൻ ദിനരാജൻ മുഖ്യാതിഥിയാകും. കേന്ദ്ര പാരമ്പര്യേതര ഊർജ മന്ത്രാലയം, കേന്ദ്ര ചെറുകിട - ഇടത്തര സംരംഭ മന്ത്രാലയം, എനർജി മാനേജ്മെന്റ് സെന്റർ, അനർട്ട് എന്നിവയുമായി സഹകരിച്ചാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പടെ സൗരോർജ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളും പ്രദർശനത്തിലുണ്ടാകും. 80 സ്‌റ്റാളുകളിലായി ക്രമീകരിച്ചിരിക്കുന്ന പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്.