വൈപ്പിൻ: മുനമ്പം ഫിഷിംഗ് ഹാർബറിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചതിലും പ്ലാറ്റ്‌ഫോം, വാർഫ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളിലും നടന്നിട്ടുള്ള അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തും. മുനമ്പം ഹാർബർ എൻജിനിയറിംഗ് ഓഫീസിനു മുന്നിൽ നാളെ (വെള്ളി) രാവിലെ 11ന് നടത്തുന്ന ധർണ പ്രൊഫ. കെ.വി.തോമസ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് എ.ജി. സഹദേവൻ അധ്യക്ഷത വഹിക്കും. മുനമ്പം സന്തോഷ്, എം.ജെ. ടോമി, വി.എസ്. സോളിരാജ് എന്നിവർ സംസാരിക്കും. മാണി ബസാറിൽ നിന്ന് രാവിലെ പത്തിന് പ്രകടനം ആരംഭിക്കും.