munambam
മുനമ്പം ഗവ. ആശുപത്രിയിൽ ഒരുക്കുന്ന പൂന്തോട്ടത്തിന് നാട്ടുകാരിൽ നിന്നും ലഭിച്ച ചെടികളുമായി ഡോ. അമൃത കുമാരൻ

വൈപ്പിൻ: മത്സ്യം മണക്കുന്ന മുനമ്പം പൂന്തോട്ടങ്ങളുടെ ഗ്രാമമാവാൻ ഒരുങ്ങുന്നു. മുനമ്പം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പൂന്തോട്ടം ഒരുക്കലാണ് എന്നും ഡ്യൂട്ടി കഴിഞ്ഞാൽ അസിസ്റ്റന്റ് സർജൻ ഡോ:അമൃത കുമാരന്റെ ജോലി. ജീവനക്കാരും, കുറെ നാട്ടുകാരും ഡോക്ടറുടെ കൂടെ കൂടും. ജീവനക്കാരുടെയും രോഗികളുടെയും വീടുകളിൽ നിന്ന് വരെ ഇവിടെ ചെടികൾ എത്തും.

ഈ പതിവുകൾക്കിടയിലേക്കാണ് മുനമ്പം സ്വദേശിയായ പനക്കൽ തങ്കച്ചൻ ക്ലീറ്റസും ഫിഷ് മർച്ചന്റ്‌സ് ആൻഡ് കമ്മീഷൻ ഏജന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ.ആർ.ബിജുകുമാറും സെക്രട്ടറി എം.ജെ.ടെൻസനും എത്തിച്ചേർന്നത്. ഇരുകൂട്ടരും ആശുപത്രി ഉദ്യാനത്തിലേക്ക് പതിനായിരത്തിലധികം രൂപ വിലവരുന്ന ചെടികളും പൂച്ചട്ടികളും സമ്മാനിച്ചു. മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോക്ടർ കീർത്തി. പി.യും ഡോ.അമൃത കുമാരനും ചേർന്ന് ഇവ ഏറ്റുവാങ്ങി.

അസിസ്റ്റന്റ് സർജന്റെ തസ്തികയിലാണെങ്കിലും സർജറിയിൽ ബിരുദാനന്തര ബിരുദധാരിയാണ് അമൃത കുമാരൻ. ചെറിയ ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾക്കെല്ലാം സർജറികളും നടത്തിവരുന്നുണ്ട്.

പ്രദേശത്ത് ക്ഷയരോഗബാധിതർ കൂടുതലാണെന്ന് കണ്ടെത്തിയപ്പോൾപള്ളിപ്പുറം ഗ്രാമപഞ്ചായത്തും മുനമ്പം പ്രാഥമിക ആരോഗ്യ കേന്ദ്രവും ചേർന്ന് 'അക്ഷയ ആരോഗ്യം' തുടങ്ങിയ ജനകീയ ക്യാമ്പയിന് പിന്നിലും ഡോ. അമൃത കുമാരൻ ആയിരുന്നു. രണ്ട് ഡോക്ടർമാരും ഹെൽത്ത് ഇൻസ്‌പെക്ടർമാരും പബ്ലിക് ഹെൽത്ത് നേഴ്‌സ്മാരും ചേർന്ന് 35 അക്ഷയ ആരോഗ്യ സദസുകൾ പിന്നിട്ടു കഴിഞ്ഞു.

ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രമാകാൻ ഒരുങ്ങുന്ന മുനമ്പം പ്രാഥമികാരോഗ്യ കേന്ദ്രം പൂങ്കാവനമാക്കാൻ

സബിത.കെ.എൻ, മിനി ഫ്രാൻസിസ്, സോജി.എം.എ, ശാലിനി ജോൺ, അനുരാജ്.കെ.എൻ, സോണി.പി.ജെ, ബിയാത്തുമ്മ, ജലജ.കെ.ജി, എലിസബത്ത് ജോർജ്, കെ.ജി.സിന്ധു, സ്വാതി.സി.എം. മിനി.വി.ഡി, ആനി.പി.ഡി തുടങ്ങിയ ജീവനക്കാരും മുന്നിലുണ്ട്.