പറവൂർ : വിദ്യാർത്ഥികളിൽ ശുചിത്വത്തിന്റെയും മാലിന്യ സംസ്കരണത്തിന്റെയും സന്ദേശം പകർന്ന് കളക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ കളക്ടർ എസ്. സുഹാസ് നിർവഹിച്ചു. പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് സംസ്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പദ്ധതിയിലൂടെ അവബോധം സൃഷ്ടിക്കും. അജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിന് ഉപരിയായി ജൈവമാലിന്യങ്ങൾ കൂടി സംസ്കരിക്കും. ഇത് കമ്പോസ്റ്റാക്കി സ്കൂളുകളിൽ ജൈവ പച്ചക്കറി കൃഷിക്കായി ഉപയോഗിക്കും. ഇതിന്റെ തുടർച്ചയിൽ കളക്ടേഴ്സ് അറ്റ് അംഗൻവാടിയും കളക്ടേഴ്സ് അറ്റ് കോളേജും നടപ്പാക്കും.
ശുചിത്വ മിഷൻ, വിദ്യാഭ്യാസ വകുപ്പ്, ഹരിത കേരള മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂൾ തലത്തിലെ സന്നദ്ധ സംഘടനകൾ, കുടുംബശ്രീ മിഷൻ, വ്യാപാരി വ്യവസായികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജൈവകൃഷിയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൺ ജെസി രാജു നിർവഹിച്ചു. കളക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതിയുടെ നിർദ്ദേശങ്ങൾ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്കൂൾ അധികൃതരും ഏറ്റുവാങ്ങി. ഹരിതകേരളം ജില്ലാ കോ ഓഡിനേറ്റർ സുജിത് കരുൺ കമ്പോസ്റ്റിംഗ് ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷൻ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മിഷണർ ആൻഡ് ജില്ലാ കോ ഓർഡിനേറ്റർ പി.എച്ച്. ഷൈൻ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ സി.കെ. മോഹനൻ, ജലജ രവീന്ദ്രൻ, വി.എ. പ്രഭാവതി, പ്രദീപ് തോപ്പിൽ, കെ.വി. വേണുഗോപാൽ, ആനി, കെ.വി. ബിന്ദു, ഡൈന്യൂസ് തോമസ് തുടങ്ങിയവർ സംസാരിച്ചു.