കുമ്പളങ്ങി: എഴുപുന്ന-കുമ്പളങ്ങി പാലം പണി പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞെങ്കിലും പാലത്തിലൂടെ സ്വകാര്യ ബസ് സർവീസിന് അനുമതി ലഭിച്ചത് ഇപ്പോഴാണ്. സർവീസ് തുടങ്ങുന്നതോടെ നൂറ് കണക്കിന് യാത്രക്കാർക്ക് രണ്ട് ബസുകൾ മാറി കയറാതെ ഇനി ഒരു ബസിൽ തന്നെ സഞ്ചരിക്കാം. സെന്റ്.ജോർജ് എന്ന ബസിനാണ് അധികാരികളുടെ അനുമതി ലഭിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ പള്ളിത്തോട് നിന്ന് പുലർച്ചെ സർവീസ് ആരംഭിക്കും. തുടർന്ന് ചാവടി, വല്യത്തോട്, എഴുപുന്ന, കുമ്പളങ്ങി, പെരുമ്പടപ്പ്, പള്ളുരുത്തി കച്ചേരിപ്പടി എം.എൽ.എ റോഡ് നാൽപ്പതടി റോഡ് വഴി തോപ്പുംപടിയിൽ എത്തും. തുടർന്ന് അവിടന്ന് കുണ്ടന്നൂർ, വൈറ്റില ഹബ്, പാലാരിവട്ടം, കാക്കനാട് വഴി തിരിച്ച് പള്ളിത്തോടിൽ എത്തും.കൃത്യമായ സമയം മട്ടാഞ്ചേരി ആർ.ടി.ഒ ഓഫീസിൽ നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ.കേരള പിറവി ദിനത്തിൽ സർവീസ് നടത്താൻ തയ്യാറായി നിൽക്കുകയാണ് സ്വകാര്യ ബസ്.നിലവിൽ ആലപ്പുഴ-എഴുപുന്ന ഭാഗത്തുള്ളവർ പാലത്തിന്റെ മറുകരയിൽ ഇറങ്ങി നടന്ന് കുമ്പളങ്ങി സ്റ്റാൻഡിൽ എത്തി ബസ് മാറി കയറിയാണ് എറണാകുളം ഭാഗത്തേക്ക് പോകുന്നത്. കുമ്പളങ്ങി - കെൽട്രോൺഫെറി വഴിയാണ് പലരും ചന്തിരൂർ, അരൂർ ഭാഗങ്ങളിൽ എത്തുന്നത്. എന്നാൽ ചില സമയങ്ങളിൽ ഫെറി സർവീസ് പണിമുടക്കുന്നതും യാത്രക്കാർക്ക് ഭീഷണിയാണ്.കൂടാതെ ബൈക്ക് യാത്രക്കാരന് പത്ത് രൂപയും പിറകിൽ സഞ്ചരിക്കുന്നയാൾക്ക് 5 രൂപയും വാങ്ങുന്നതായും പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ കെൽട്രോൺഫെറി - കുമ്പളങ്ങി പാലം വരുന്നതോടെ ഇതിനും പരിഹാരമാകും. സർവീസ് തുടങ്ങുന്നതോടെ നിരവധി വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ഇതൊരു അനുഗ്രഹമായി മാറും.