ആലുവ: കോടികൾ മുടക്കി കൊച്ചി മെട്രോ നവീകരിച്ച പ്രദേശത്ത് മാലിന്യം നിറയുന്നതിന് പുറമെ വഴിയോര കച്ചവടക്കാരും കൈയടക്കിയിട്ടും അധികാരികൾ കണ്ണ് തുറക്കുന്നില്ല. മലയാളികളായ ചിലരാണ് കൈയേറ്റത്തിന് നേതൃത്വം നൽകുന്നതെങ്കിലും ഇതര സംസ്ഥാനക്കാരെ ജോലിക്കാരാക്കി നിർത്തുകയാണ്.
ചായക്കട , മുറുക്കാൻ കട, ചെറുകടി വില്പന എന്നീ പല പേരുകളിലാണ് തട്ടുകൾ വ്യാപകമായി സ്ഥാപിക്കുന്നത്. കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും ആശ്വാസമായ പാതകളാണ് ഓരോരുത്തരായി സ്വന്തമാക്കുന്നത്.
ആലുവ ബൈപ്പാസ് മുതൽ പുളിഞ്ചോട് വരെയുള്ള മെട്രോ സുന്ദരപാതകൾ അനധികൃത പാർക്കിംഗും മാലിന്യം തള്ളലും കാരണം നശിച്ചു കൊണ്ടിരിക്കുകയാണ്. മാർക്കറ്റിലെത്തുന്ന ഭാരവണ്ടികൾ നടപ്പാതയിൽ കയറ്റിയിടുകയാണ്.
വാഹനങ്ങൾ കയറാതിരിക്കാനായി സ്ഥാപിച്ച ചെറിയ കുറ്റികളും വാഹനമിടിച്ച് പൊളിച്ചു കളയുന്നതായും പരാതിയുണ്ട്.
# നടപടിയില്ല
കൈയേറ്റത്തിനെതിരെ പരാതിപ്പെട്ടിട്ടും ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ല. മേൽപ്പാലത്തിനടിഭാഗം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി.
എ.സി. സന്തോഷ് കുമാർ,
നഗരസഭ കൗൺസിലർ