fahida
സി.ബി.എസ്.ഇ ജില്ല കലോത്സവം കാറ്റഗറി രണ്ട് അറബി പദ്യപാരായണത്തിൽ ഒന്നാം സ്ഥാനം നേടിയ എ.എസ്. ഫഹ്മിദ സെറീൻ (അമൽ പബ്ളിക് സ്കൂൾ ചാലക്കൽ)

ആലുവ: കേരള സി.ബി.എസ്.ഇ മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ സി.ബി.എസ്.ഇ സ്‌കൂൾ കലോത്സവം മൂന്നാം ദിവസം പൂർത്തിയായപ്പോൾ വൈറ്റില ടോക് എച്ച് പബ്‌ളിക് സ്‌കൂൾ പോയിന്റ് നിലയിൽ ബഹുദൂരം മുന്നിൽ. ഇന്നലെ വൈകിട്ട് മത്സരം അവസാനിച്ചപ്പോൾ ടോക് എച്ച് സ്കൂൾ 591 പോയിന്റ് നേടിയിട്ടുണ്ട്.

രണ്ടാം സ്ഥാനത്തുള്ള കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂളിന് 424 പോയിന്റുണ്ട്. മൂന്നാം സ്ഥാനത്തുള്ള തോട്ടുമുഖം ക്രൈസ്തവ മഹിളാലയം പബ്ലിക് സ്‌കൂൾ 342 പോയിന്റ് നേടി.

തോട്ടുമുഖം ക്രസൻറ് പബ്ലിക് സ്‌കൂളിൽ നടക്കുന്ന കലോത്സവത്തിന്റെ സമാപനദിനമായ ഇന്ന് സംഘനൃത്തം, മാർഗംകളി, തിരുവാതിര, വാദ്യഉപകരണ സംഗീതം (ഗിറ്റാർ, തബല വയലിൻ, ഫ്‌ലൂട്ട് ) എന്നീ മത്സരങ്ങൾ നടക്കും.

സമ്മാനദാനം വൈകിട്ട്

വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തിൽ സിനിമാതാരം ശാന്തിപ്രിയ മുഖ്യാതിഥിയായിരിക്കും. മാനേജ്‌മെൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാൻ അദ്ധ്യക്ഷത വഹിക്കും. ഫാ. ജോയി കിളിക്കുന്നേൽ, പി.എസ്. രാമചന്ദ്രൻ പിള്ള, എം.എം. അബ്ദുൾ റഹ്മാൻ, പി.എസ്. അബ്ദുൾനാസർ, ഉദയഭാനു എന്നിവർ സംസാരിക്കും.