കൊച്ചി: ശബരിമല അയ്യപ്പ സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അയ്യപ്പ മഹാസംഗമം ശനിയാഴ്ച ചോറ്റാനിക്കര ക്ഷേത്രത്തിനു സമീപമുള്ള എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് സംഗീത സംവിധായകൻ കെ.ജി. ജയൻ ഉദ്ഘാടനം ചെയ്യും. സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും. ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് എൻ. രാജൻ, ദേശീയ ഉപാദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. സമാജം സംസ്ഥാന സെക്രട്ടറി പി. ഉണ്ണിക്കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ജി. ഗിരീഷ്‌കുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ എൻ.ആർ. സുധാകരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.