കൊച്ചി: അപായ സാദ്ധ്യതയുള്ള ഗർഭധാരണത്തെക്കുറിച്ചും ഗർഭസ്ഥ ശിശുചികിത്സയിലെ നൂതന പ്രവണതകളെക്കുറിച്ചുമുള്ള ദേശീയ സെമിനാർ സൈമർ പെരിക്കോൺ 2019 നവംബർ ഒന്നുമുതൽ മൂന്നുവരെ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടിൽ നടക്കുമെന്ന് ഓർഗനൈസിംഗ് കോ- ചെയർപേഴ്‌സൺ ഡോ. പരശുറാം ഗോപിനാഥ് പത്രസമ്മേളനത്തിൽ പറഞ്ഞു. പെരികോണിന്റെ ഒമ്പതാമത് സെമിനാറിൽ മികച്ച ദേശീയ അന്താരാഷ്ട്ര പ്രഭാഷകർ ക്ലാസുകൾ നയിക്കും.
ഈ രംഗത്തെ ചികിത്സകളുടെ വലിയ തലങ്ങളിലേക്കുള്ള വിശദമായ പഠനങ്ങളും അറിവുകളും പങ്കുവയ്ക്കലുകളുമെല്ലാം സൈമർ പെരികോണിന്റെ പ്രത്യേകതകളാണെന്ന് ഓർഗനൈസിംഗ് ചെയർമാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. കെ.കെ.ഗോപിനാഥ് പറഞ്ഞു. കേരളത്തിലെ ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാരെയും മെഡിക്കൽ വിദ്യാർത്ഥികളെയും ലക്ഷ്യം വച്ചുള്ള സൈമർ പെരിക്കോൺ രണ്ടു വർഷത്തിൽ ഒരിക്കലാണ് നടക്കുന്നത്. ഡോ. അശോക് ഖുറാന, ഡോ. ബി.എസ്. രാമൂർത്തി, ഡോ. ബിമൽ സഹാനി, ഡോ. ഇന്ദ്രാണി സുരേഷ്, ഡോ. മോഹിത് ഷാ, ഡോ. സുരേഷ് ശേഷാദ്രി തുടങ്ങിയവർ ക്ലാസ് നയിക്കും.
ഫീറ്റൽ കാർഡിയോളജി ചികിത്സയിൽ പ്രൊഫ. ലിൻഡ്‌സെ അലൻ ക്ളാസെടുക്കുമെന്ന് ഓർഗനൈസിംഗ് സെക്രട്ടറി ഡോ. മീനു ബത്ര പരശുറാം പറഞ്ഞു. സൈമർ എടപ്പാൾ ഹോസ്പിറ്റൽ മാനേജർ ആത്മജൻ പള്ളിപ്പാടും പത്രസമ്മേളനത്തിൽ പങ്കെടുത്തു.