paravur-bus-stand
പണിമുടക്കിനെത്തുടർന്ന് പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ പൊലീസെത്തിയപ്പോൾ

പറവൂർ : സ്വകാര്യ ലോക്കൽ ബസ് തൊഴിലാളികളും ദീർഘദൂര ലിമിറ്റഡ് സ്റ്രോപ്പ് ബസ് തൊഴിലാളികളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പറവൂരിലെ സി.ഐ.ടി.യു യൂണിയൻകാരായ സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക് യാത്രക്കാരെ വലച്ചു . ഇന്ന് രാവിലെ എട്ടോടെയാണ് പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നുള്ള എല്ലാ സർവീസുകളും നിലച്ചത്. വൈപ്പിൻ, കൊടുങ്ങല്ലൂർ മേഖലയിലേക്ക് ചില ബസുകൾ സ്റ്റാൻഡിൽ കയറാതെ സർവീസ് നടത്തി. സ്റ്റാൻഡിൽ കയറിയ ബസുകളെല്ലാം തൊഴിലാളികൾ തടഞ്ഞു. ഇതോടെ പല ബസുകളും സ്റ്റാന്റിൽ കയറാതെ സർവീസ് നടത്തി. പൊലീസ് നടത്തിയ അനുരഞ്ജന ചർച്ചയ്ക്കുശേഷം ഉച്ചയോടെ കൂടുതൽ ബസുകൾ സർവീസ് ആരംഭിച്ചു.

ഇന്ന് പറവൂർ ജോയിന്റ് ആർ.ടി.ഒയുടെ സാന്നിദ്ധ്യത്തിൽ ഇരു വിഭാഗത്തിലുള്ളവരെയും ചർച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്. പെട്ടെന്നുണ്ടായ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. കഴിഞ്ഞ ശനിയാഴ്ച പാലാരിവട്ടത്തു വച്ച് ബസ് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ ജോയിന്റ് സെക്രട്ടറി അജയനും എറണാകുളം - ഗുരുവായൂർ റൂട്ടിൽ സർവീസ് നടക്കുന്ന ആറ്റുപറമ്പത്ത് ലിമിറ്റഡ് ബസിലെ തൊഴിലാളികളും തമ്മിൽ തർക്കമുണ്ടായി. സർവീസ് നടത്തുന്ന സമയം തെറ്റിയോടുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇതിനു ശേഷം തിങ്കളാഴ്ച വൈകിട്ട് പറവൂർ സ്വാകാര്യ ലിമിറ്റഡ് സ്റ്റാൻഡിൽ വച്ച് യൂണിയൻ തൊഴിലാളികൾ ആറ്റുപറമ്പത്ത് ബസ് തടയുകയും ഡ്രൈവർ തൃശൂർ നാട്ടിക സ്വദേശി സുബീഷിനെ (32) മർദ്ദിക്കുകയും ചെയ്തു. സംഭവത്തിൽ യൂണിയൻ നേതാവ് കെ.എ. അജയൻ ഉൾപ്പെടെ നാലു പേർക്കെതിരെ പറവൂർ പൊലീസ് കേസെടുത്തു. ഒരു വിഭാഗം തൊഴിലാളികൾക്കെതിരെ മാത്രം കേസെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.