കൊച്ചി: ഏലൂരിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാസ്റ്റിക് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയുടെ (സിപെറ്റ് )പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് കേന്ദ്ര രാസവള വകുപ്പ് മന്ത്രി ഡി.വി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. ബയോപോളിമർ സയൻസ് ആൻഡ് ടെക്‌നോളജിക്ക് പ്രചാരം നൽകുക എന്നതാണ് സിപെറ്റ് കൊച്ചിയുടെ മുഖ്യ ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ തുല്യ പങ്കാളിത്തത്തിൽ 24.90 കോടി മുതൽമുടക്കിയാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. എ.ഐ.സി.ടി.ഇ അംഗീകൃത തൊഴിൽ അധിഷ്ഠിത ഡിപ്ലോമ പ്രോഗ്രാമുകളും പുതിയ ക്യാമ്പസിലുണ്ടാകും. കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരൻ, ഏലൂർ നഗരസഭ അദ്ധ്യക്ഷ സി.പി ഉഷ, കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. കെ.എൻ മധുസൂദനൻ തുടങ്ങിയവർ പങ്കെടുക്കും.