• ഇനിയും മൗനമവലംബിക്കുന്നത് വിശ്വാസികളോടുളള ക്രൂരത

കോലഞ്ചേരി: യാക്കോബായ സഭാ മുൻ സെക്രട്ടറിയ്ക്കെതിരെ ആരോപണങ്ങളുടെ പെരുമഴയുമായി ദീയസ്ക്കോറസ് മെത്രാപ്പോലീത്ത. കേസുകളുടെ തോൽവിക്ക് പിന്നിൽ മുൻ സഭാ സെക്രട്ടറി തമ്പുജോർജ് തുകലനടക്കമുളളവർക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് സിംഹാസന പളളികളുടെ ചുമതലയുളള മലേക്കുരിശ് ദയറാധിപൻ ഡോ.കുര്യാക്കോസ് ദിയസ്‌കോറസ് മെത്രാപ്പോലീത്തയുടെ ആരോപണം.

മലേക്കുരിശ് ദയറായിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. കേസ് നടത്തിപ്പുകൾ ദുരൂഹമായിരുന്നു. സുപ്രീം കോടതിയിലെ കേസ് പരിശോധിച്ചാൽ അത് ബോധ്യമാകും. തമ്പുവിനെ കയറൂരി വിട്ടവർക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്. സഭക്ക് പുതിയ ഭാരവാഹികൾ വന്നെങ്കിലും തമ്പു തന്നെയാണ് പരോക്ഷമായി കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ദീയസ്ക്കോറസ് ആരോപിച്ചു. സഭയുടെ കാര്യങ്ങളിൽ ബാഹ്യ ഇടപെടൽ പാടില്ല. പല പള്ളിയും യാതൊരു എതിർപ്പുമില്ലാതെ ഓർത്തഡോക്‌സ് പക്ഷത്തിന് ലഭിക്കാൻ കാരണം ഈ സംഘത്തിന്റെ പ്രവർത്തനമാണ്. പുതിയ നേതൃത്വം വന്നുവെന്ന് പറയുന്നതല്ലാതെ അതിന്റെ യാതൊരു മാ​റ്റവും സഭയിലുണ്ടായിട്ടില്ലെന്നും മെത്രാപ്പോലീത്ത പറഞ്ഞു. അടുത്തമാസം 12 ന് ചേരുന്ന സുന്നഹദോസ് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇനിയും മൗനമവലംബിക്കുന്നത് വിശ്വാസികളോടുളള ക്രൂരതയാണെന്നും അതു കൊണ്ടാണ് പ്രതികരിക്കുന്നതെന്നും ദിയസ്‌കോറസ് പറഞ്ഞു