കൊച്ചി : പാലാരിവട്ടം ഫ്ളൈ ഓവർ നിർമ്മാണത്തിലെ അപാകതയുടെ പേരിൽ കാക്കനാട് തങ്ങൾ കരാർ എടുത്ത ഓഫീസ് കം കൊമേഴ്സ്യൽ കോംപ്ളക്സിന്റെ നിർമ്മാണത്തിനു വേണ്ടി നൽകിയ പെർഫോമൻസ് ബാങ്ക് ഗ്യാരന്റി തുക സർക്കാർ ഏറ്റെടുക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ആർ.ഡി.എസ് പ്രൊജക്ട്സ് നൽകിയ ഹർജിയിൽ നിലവിലെ സ്ഥിതി തുടരാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ബാങ്ക് ഒഫ് ബറോഡയിൽ 4.72 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റിയാണ് കെട്ടിവച്ചിട്ടുള്ളത്. 23.6 കോടി രൂപയുടെ വർക്കാണിത്. പ്രാദേശികമായ എതിർപ്പിനെത്തുടർന്ന് സർക്കാർ തന്നെ നിർമ്മാണം നിറുത്തി വച്ചിരിക്കുകയാണ്. എന്നിട്ടും ഒരു നോട്ടീസ് പോലും നൽകാതെ ബാങ്ക് ഗ്യാരന്റി തുക ഏറ്റെടുക്കാനാണ് നീക്കമെന്നും ഹർജിയിൽ പറയുന്നു. നേരത്തെ പാലാരിവട്ടം ഫ്ളൈ ഓവറിനുവേണ്ടി കെട്ടിവച്ച ബാങ്ക് ഗ്യാരന്റി തുകയായ 4.13 കോടി രൂപ സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ ആർ.ഡി.എസ് നൽകിയ ഹർജിയിലും ഹൈക്കോടതി തൽസ്ഥിതി തുടരാൻ ഉത്തരവിട്ടിരുന്നു.