കൊച്ചി: ഇരുപത് വയസുകാരനായ മകൻ നിഥിൻ ജോർജിന്റെ കൊലപാതകത്തിൽ ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് അമ്മ കുമ്പളങ്ങി സ്വദേശി കുമാരി ജോർജ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആറു വർഷമായി ഇതിനായി മുട്ടാത്ത വാതിലുകളില്ലെന്നും അന്വേഷണമെന്ന ആവശ്യത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നും അവർ പറഞ്ഞു. ഫോർട്ട്‌കൊച്ചി കുമ്പളങ്ങി റൂട്ടിലോടുന്ന ജിപ്‌സി ബസിലെ ജീവനക്കാരനായിരുന്ന നിഥിൻ ജോർജിനെ 2013 സെപ്തംബർ 24 മുതലാണ് കാണാതായത്. പണിക്ക് വന്നിട്ടില്ലെന്നാണ് ബസുടമകളും പൊലീസും പറയുന്നത്. പിറ്റേന്ന് ഫോർട്ട്‌കൊച്ചി സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. ദിവസങ്ങൾക്ക് ശേഷം കുത്തിയതോടിലുള്ള ചാപ്പകടവിൽ നിന്ന് മകന്റെ മൃതദേഹമാണ് കിട്ടിയത്. എന്നാൽ മൃതദേഹം തന്നെ കാണിക്കാതെ ആലപ്പുഴയിൽ പോസ്റ്റ്‌മോർട്ടം ചെയ്ത് സംസ്‌കരിച്ചു.

മകനെ ചിലർ ചേർന്ന് കുത്തി പരിക്കേൽപ്പിച്ച ശേഷം ജീവനോടെ കടലിൽ തള്ളുകയായിരുന്നുവെന്ന് അമ്മ പറയുന്നു. മകന് അടുപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ വീട്ടുകാരാണ് മരണത്തിന് പിന്നിലെന്നും അമ്മ പറയുന്നു. ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും ഫലമുണ്ടായിട്ടില്ല. ഒറ്റയ്ക്ക് താമസിക്കുന്ന തന്നെ വന്ന് പലരും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അവർ പറഞ്ഞു.