പറവൂർ : പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളും പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളും കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളും മുന്നിൽ. യു.പി, എൽ.പി വിഭാഗം സംസ്കൃതോത്സവത്തിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂൾ ഒന്നാമതും പുല്ലംകുളം എസ്.എൻ സ്കൂൾ രണ്ടാമതുമാണ്. ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ എസ്.എൻ.വി സ്കൂളും പുല്ലംകുളം എസ്.എൻ സ്കൂളും ഒപ്പത്തിനൊപ്പം പോയിന്റുകൾ ലഭിച്ചു. രണ്ടാം സ്ഥാനം പുത്തൻവേലിക്കര വിവേകചന്ദ്രികസഭ ഹയർ സെക്കൻഡറി സ്കൂളിനാണ്. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ ഒന്നാമത് കരിമ്പാടം സ്കൂളും രണ്ടാമത് പുല്ലംകുളം എസ്.എൻ. സ്കൂളുമാണ്. യു.പി ജനറൽ വിഭാഗത്തിൽ ഒന്നാമത് കൂനമ്മാവ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളും രണ്ടാമത് കരിമ്പാടം സ്കൂളുമാണ്. അറബിക് കലോത്സവത്തിൽ മൂന്ന് വിഭാഗങ്ങളിൽ പറവൂർ സെന്റ് അലോഷ്യസ് ഹൈസ്കൂളും മാഞ്ഞാലി എ.എൽ.എസ്.യു യു.പി സ്കൂളും മന്നം ഇസ്ലാമിക് സ്കൂളും കരുമാല്ലൂർ എഫ്.എം.സി.ടി.എച്ച് ഹയർ സെക്കൻഡറി സ്കൂളിനുമാണ് കൂടുതൽ പോയിന്റുകൾ.
ഇന്ന് നാടൻപാട്ട്, വഞ്ചിപ്പാട്ട് വേദി ഒന്നിലും ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി രണ്ടിലും, ലളിതഗാനം, സംഘഗാനം മൂന്നിലും, ദേശഭക്തിഗാനം നാലിലും ഖുറാൻപാരായണം, പദ്യം ചൊല്ലൽ, കഥപറയൽ, അറബിക് പ്രസംഗം, മോണോ ആക്ട്, സംഭാഷണം, സംഘഗാനം, കഥാപ്രസംഗം, മുശഅറ അഞ്ചിലും കഥാകഥനം ആറിലും ഇംഗ്ലീഷ് ആംഗ്യപ്പാട്ട്, പദ്യം ചൊല്ലൽ ഏഴിലും നടക്കും. സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. നടൻ വിനോദ് കെടാമംഗലം സമ്മാനദാനം നിർവഹിക്കും.