cusat
വിദ്യാർത്ഥി സമരത്തെ തുടർന്ന് കുസാറ്റിൽ വീണ്ടും പരീക്ഷ മാറ്റിവച്ചു

കളമശേരി: കെ.എസ്.യു സമരത്തെ തുടർന്ന് കുസാറ്റ് സ്‌കൂൾ ഒഫ് എൻജിനിയറിംഗിൽ ഇന്നലെ നടത്തേണ്ട ഇന്റേണൽ പരീക്ഷ മാറ്റിവച്ചു. ബി.ടെക് മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ പരീക്ഷകളാണ് മാറ്റിയത്.

കുസാറ്റിൽ നേരത്തെയുണ്ടായ സംഘട്ടനത്തെ തുടർന്ന് സസ്‌പെൻഷനിലുള്ള നാല് കെ.എസ്.യു വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

രക്ഷിതാക്കളുടെ മാപ്പപേക്ഷയെ തുടർന്ന് പൊലീസ് കേസുള്ള മുഹമ്മദ് ഷെറിന്റെ ഒഴികെയുള്ള മൂന്ന് വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചു. ഇതേ തുടർന്ന് വൈസ് ചാൻസലറുടെ മുറിയിൽ മുഹമ്മദ് ഷെറിന്റെ മാതാവ് വൈകിട്ട് ആറ് മണിയോടെ കുത്തിയിരുന്നു. ചർച്ചകൾക്ക് ശേഷം ഇയാളുടെ സസ്‌പെൻഷനും പിൻവലിച്ചതോടെയാണ് ബഹളം ശമിച്ചത്.