sheela
ഷീലാ കൃഷ്ണൻകുട്ടി

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തീരുമാനിച്ചിരുന്ന സ്ഥാനാർത്ഥി എത്താൻ വൈകിയതോടെ ഘടകകക്ഷിയിലെ വനിതാമെമ്പർ സ്ഥാനാർത്ഥിയായി. ഒരു മിനിറ്റിന്റെ വ്യത്യാസത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. എൽ.ഡി.എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് ഒരു വർഷമായി മാറിമാറി തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. എൽ.ഡി.എഫിലെ ഒ.ഇ. അബ്ബാസായിരുന്നു എതിർ സ്ഥാനാർത്ഥി. മൂന്ന് അംഗങ്ങളുള്ള ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സ്ഥാനത്തേക്കായിരുന്നു തിരഞ്ഞെടുപ്പ്. യു.ഡി.എഫിന് രണ്ട് അംഗങ്ങളും എൽ.ഡി.എഫിന് ഒരു അംഗവുമാണുള്ളത്.

മുൻ ധാരണപ്രകാരം കോൺഗ്രസിലെ റേയ്ച്ചൽ ബേബിയായിരുന്നു സ്ഥാനാർത്ഥി. എന്നാൽ നാമനിർദ്ദേശ പത്രിക നൽകേണ്ട 11മണിയായിട്ടും സ്ഥാനാർത്ഥി എത്താത്തതിനെ തുടർന്ന് കേരളാ കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിലെ അംഗമായ ഷീലാ കൃഷ്ണൻകുട്ടി നോമിനേഷൻ നൽകുകയായിരുന്നു. അതേസമയം 11ന് ശേഷമെത്തി നോമിനേഷൻ നൽകിയ റെയ്ച്ചൽ ബേബിക്കെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.ഇ. അബ്ബാസ് പരാതി നൽകിയതിനെ തുടർന്ന് റേയ്ച്ചൽ ബേബിയുടെ പത്രിക വരണാധികാരി തള്ളിക്കളഞ്ഞു. ഷീലാ കൃഷ്ണൻകുട്ടി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 11.30നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത് കോതമംഗലം ഡി.എഫ്.ഒ എസ്. ഉണ്ണിക്കൃഷ്ണനായിരുന്നു വരണാധികാരി. 10.50ന് ബോക്ക് ഓഫീസിൽ എത്തിയ റേയ്ച്ചൽ ബേബി നാമനിർദേശപത്രിക പൂരിപ്പിച്ചതിന് ശേഷം മറ്റുള്ളവരുമായി വർത്തമാനം പറഞ്ഞുനിന്നതിനാലാണ് വൈകാനിടയാക്കിയതെന്ന് യു.ഡി.എഫ് നേതൃത്വം പറയുന്നു.

ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്കും നിലവിലുള്ള ഒഴിവ് നികത്താൻ ഇതുവരെ സാധിച്ചിട്ടില്ല.