കൊച്ചി : കള്ളുഷാപ്പുകൾ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രങ്ങളാണെന്ന പൊതുധാരണ മാറ്റാൻ ആധുനികവത്കരണം അത്യാവശ്യമാണെന്നും അബ്കാരി നയത്തിൽ പറയുന്ന ടോഡി ബോർഡിന് ഉടൻ രൂപം നൽകണമെന്നും ശുപാർശ ചെയ്ത് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചു.
ഗാർഹിക മേഖലയിലേക്ക് കള്ളുഷാപ്പ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ പട്ടാമ്പി വള്ളൂർ സ്വദേശിനി വിലാസിനി നൽകിയ ഹർജിയിലാണ് റിപ്പോർട്ട് നൽകിയത്. ടോഡി ബോർഡിന് കള്ള് ഉത്പാദനം, ശേഖരണം, വിതരണം എന്നിവയുടെ ചുമതല നൽകണം. ചെത്തു തൊഴിലാളികളെ ബോർഡിനു കീഴിലാക്കണം. കള്ള് ശേഖരിക്കാൻ കളക്‌ഷൻ പോയിന്റുകൾ വേണമെന്നും ശുപാർശയുണ്ട്.
പുതിയ ചെത്തുകാരെ പരിഗണിക്കുമ്പോൾ നീര ചെത്താൻ പരിശീലനം ലഭിച്ചവർക്ക് മുൻഗണന നൽകണം. ചെത്ത് തൊഴിലാളികളുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ടോഡി ബോർഡിന്റെ ചുമതലയാക്കണം. വരുമാനം ഉറപ്പു നൽകിയാൽ യുവാക്കളും ഈ രംഗത്തെത്തും. സ്ത്രീകൾക്കും ട്രാൻസ്ജെൻഡറിനും പ്രാതിനിദ്ധ്യം നൽകണം. സൗകര്യങ്ങൾ, സ്ഥലം, കെട്ടിടം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ കള്ളുഷാപ്പുകളെ തരം തിരിക്കണം. ഷാപ്പ് തൊഴിലാളികളുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ലൈസൻസിയുടെ ചുമതലയാണ്.
ഗുണനിലവാരം ഉറപ്പാക്കണം
ഷാപ്പുകളിൽ മായം ചേരാത്ത കള്ളും നല്ല ഭക്ഷണവും നൽകണം
കളക്‌ഷൻ സെന്ററുകളിൽ മൊബൈൽ ലാബ് സൗകര്യമുണ്ടാകണം
ഷാപ്പുകളിൽ ടോഡി പാർലറും റെസ്റ്റോറന്റും പ്രത്യേകം വേണം
സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക ടോയ്ലെറ്റ് വേണം
പാർക്കിംഗ് സൗകര്യം, മാലിന്യ സംസ്കരണം എന്നിവ ഉറപ്പാക്കണം
ഷാപ്പിലെ തൊഴിലാളികൾക്ക് യൂണിഫോം ഏർപ്പെടുത്തണം
5185: കേരളത്തിലെ ആകെ ഷാപ്പുകൾ
10,69,977 ലിറ്റർ: 2016 - 17ൽ ലഭിച്ച കള്ള്