• തർക്കം തുടർന്നാൽ എൽ.എച്ച്.ബി കോച്ചുകൾ നഷ്ടമാകും
ഇടപ്പള്ളി: വേണാട് എക്സ്പ്രസിന്റെ വൈകിയോട്ടം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ സ്റ്റേഷൻ തർക്കത്തിൽ തട്ടി ഉലയുന്നു. എറണാകുളം സൗത്ത് സ്റ്റേഷനൻ തൊടാതെ യാത്ര ചെയ്താലേ സമയക്ളിപ്തത പാലിക്കാനാവൂ എന്ന സത്യം മറച്ചുവെച്ചുള്ള ചർച്ചകളിലാണ് പരിഷ്കാരം വഴിമുട്ടുന്നത്.
പുതിയ കോച്ചുകൾ വരുന്നതോടെ എറണാകുളം നോർത്തിൽ മാത്രം സ്റ്റോപ്പ് നൽകി വേണാടിനെ നേർവഴി നയിക്കാനാണ് റെയിൽവേ ശ്രമം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും തർക്കങ്ങളും സമ്മർദങ്ങളും മുറുകുകയാണ്. തർക്കം കടുത്താൽ പുതിയ കോച്ചുകൾ വേണ്ടെന്ന് വച്ച് പഴഞ്ചൻ കോച്ചുകളുമായി നിലവിലെ രീതിയിലെ സർവീസ് മതിയെന്ന് റെയിൽവേ തീരുമാനിക്കാനും സാധ്യതയുണ്ട്.
ഷൊർണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വരവിലാണ് വൈകിയോട്ടം ഏറെ പരാതികൾക്ക് ഇടയാക്കുന്നത്. ഉച്ചയ്ക്ക് 2.25 ന് ഇവിടെ നിന്ന് പുറപ്പെടുന്ന വേണാട്
കൃത്യ സമയത്തു 4.26 ന് എറണാകുളം നോർത്തിലെത്തിയാലും തുടർന്ന് വൈകിയാണ് ഓട്ടം. 5.27ന് തൃപ്പൂണിത്തുറയിൽ എത്തണം. എന്നാൽ ഇതു പാലിക്കുന്നത് അപൂർവമാണ്. വൈകിട്ടുള്ള ട്രെയിനുകളുടെ തിരക്ക് തന്നെയാണ് പ്രശ്നം. പലപ്പോഴും സൗത്തിൽ ഫ്ലാറ്റുഫോം ഒഴിവുണ്ടാകില്ല. ഇതു മൂലം അരമണിക്കൂർ വരെ വേണാട് നോർത്തിൽ പിടിച്ചിടേണ്ടി വരും. സൗത്തിലെത്തിയാൽ എൻജിൻ മാറ്റാൻ അരമണിക്കൂറോളം വേറെയും വേണം. ഫലത്തിൽ ഒരു മണിക്കൂർ മിക്കപ്പോഴും എറണാകുളത്ത് പാഴാകും.
വൈകിയോട്ടം
കോട്ടയം മുതൽ കൊല്ലം വരെയുള്ള സ്ഥിരം യാത്രക്കാർക്ക് വലിയ തലവേദനയാണ്. നിരന്തരം പരാതികളും ഉയരുന്നു.
ന്യൂഡൽഹി കേരളാഎക്സ്പ്രസ് ,നിലമ്പൂർ -കോട്ടയം പാസഞ്ചർ ട്രെയിനുകൾ നോർത്ത് വഴിയാക്കിയതോടെ സമയക്രമത്തിൽ ഗുണം ചെയ്തു.
നോർത്ത് സ്റ്റേഷനിൽ എത്തിപ്പെടാനുള്ള കഷ്ടപ്പാടുകളാണ് ഒരു വിഭാഗം യാത്രക്കാരുടെ എതിർപ്പിന് കാരണം.
നോർത്തിൽ തീരുമാനമായില്ല
പുതിയ ബോഗികളുമായി സർവീസ് തുടങ്ങുമ്പോൾ വേണാട് എറണാകുളം സൗത്ത് സ്റ്റേഷനെ ഒഴിവാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലന്ന് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിച്ചു. ഫയൽ ദക്ഷിണ റെയിൽവേ ഹെഡ്ക്വാർട്ടേഴ്സിന്റെ മുന്നിലാണ്.
പുതിയ 21 എൽ.എച്ച്.ബി കോച്ചുകൾ കൊച്ചുവേളിയിലെ യാർഡിൽ പരിശോധനയിലാണ്. ഒരാഴ്ചക്കുള്ളിൽ ഇത് പൂർത്തിയാകും. കപ്ലിംഗുകളിലെ പ്രത്യേകതകൾ മൂലം പുതിയ കോച്ചുകളിൽ എൻജിൻ മാറ്റലിന് സമയം കൂടുതലെടുക്കും. സൗത്ത് ഒഴിവാക്കിയാൽ ആ പ്രശ്നത്തിനും പരിഹാരമാകും.
കോച്ചുകൾ കാലഹരണപ്പെട്ടത്
• 2018 ഫെബ്രുവരിയിലാണ് വേണാടിൽ മോഡൽ റേക്കുകൾ
ഘടിപ്പിച്ചത്. ആർക്കും വേണ്ടാത്ത ഇത് കേരളത്തിന്റെ തലയിൽ വച്ചുകെട്ടുകയായിരുന്നു.
• ട്രെയിൻ പുറപ്പെടാൻ തുടങ്ങുമ്പോൾ കോച്ചുകൾ ശക്തമായി ഉലയുന്നത് സുരക്ഷിതത്വത്തിനു തന്നെ ഭീഷണിയാണ്.
• ഡിസ്‌പ്ളേ ബോർഡുകൾ ഒരു വർഷത്തിനകം തകരാറിലായി.