# ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മേയറെ മാറ്റേണ്ട
കൊച്ചി: മേയർ മാറ്റവുമായി ബന്ധപ്പെട്ട യു.ഡി.എഫിലെ വിവാദങ്ങൾക്ക് താത്‌കാലിക വെടിനിർത്തൽ. ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സൗമിനി ജെയിനെ മാറ്റേണ്ടതില്ലെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ അഭിപ്രായം മേയർ പക്ഷത്തിന് ആശ്വാസമായി. അതേസമയം ടി.ജെ.വിനോദ് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന ഡെപ്യൂട്ടി മേയർ പദവിയിലേക്ക് സ്ഥാനമോഹികളുടെ തള്ളിക്കയറ്റമാണ്. സാമുദായിക, ഗ്രൂപ്പ് സമവാക്യങ്ങൾ നിലനിർത്തി പുതിയ ആളെ കണ്ടെത്തുകയെന്നത് നേതൃത്വത്തിന് വെല്ലുവിളിയാകും. ഇതിനിടെ മേയറെക്കൂടി മാറ്റിയാൽ യു.ഡി.എഫിന് ഭരണം നഷ്ടപ്പടുമെന്ന അവസ്ഥയാണ്. മേയറെ മാറ്റുന്നതുമായി ബന്ധപ്പെട്ട കോലാഹലങ്ങൾക്കിടയിൽ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എല്ലാവർക്കും സ്വീകാര്യനായ ഒരാളെ കണ്ടെത്താൻ യു.ഡി.എഫിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല.
# മേയറുടെ കാര്യം മുല്ലപ്പള്ളി തീരുമാനിക്കും
കൊച്ചിയിലെ ഗ്രൂപ്പ് യുദ്ധം രൂക്ഷമായതോടെ മേയർ മാറ്റത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ചുമതല കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഏറ്റെടുത്തു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന രാഷ്‌ട്രീയകാര്യസമിതി യോഗത്തിൽ ജില്ലയിൽ നിന്നുള്ള ഐ ,എ ഗ്രൂപ്പുകളുടെ നേതാക്കൾ മേയറെ അടക്കം മാറ്റി ഭരണസമിതി പൂർണമായും അഴിച്ചുപണിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി ,വി.ഡി. സതീശൻ എം.എൽ.എ എന്നിവർ മേയറെ മാറ്റണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ വി.എം. സുധീരൻ, പി.ജെ. കുര്യൻ, കെ.വി. തോമസ്, കെ.സി. ജോസഫ്, എം.എം.ഹസൻ തുടങ്ങിയവർ മേയർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. മേയറെ മാറ്റിയാൽ രാജിവയ്ക്കുമെന്ന ഭീഷണിയുമായി രണ്ടു കൗൺസിലർമാർ രംഗത്തെത്തിയതിനാൽ കടുത്ത തീരുമാനത്തിലേക്ക് കടക്കാൻ നേതൃത്വം മടിച്ചു. ഇക്കാര്യം വീണ്ടും മാറ്റിവച്ചു.
കെ.പി.സി.സി പ്രസിഡന്റ് വിളിച്ചതനുസരിച്ച് മേയർ ബുധനാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെത്തിയിരുന്നു. ആദ്യം കെ.പി.സി.സി പ്രസിഡന്റിനെയും ബെന്നി ബഹനാനെയും കണ്ട് അവർ ചർച്ചകൾ നടത്തി. രാഷ്‌ട്രീയകാര്യസമിതി യോഗം അർദ്ധരാത്രി കഴിഞ്ഞും നീണ്ടതോടെ മേയർ കൊച്ചിയിലേക്ക് മടങ്ങി.
#കോർപ്പറേഷനിലെ നിലവിലെ കക്ഷിനില
യു.ഡി.എഫ് : 37
എൽ.ഡി.എഫ്: 34
ബി .ജെ.പി : 2