കൊച്ചി: വിദേശത്തുനിന്നുള്ള വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭിക്കുന്ന അംഗീകൃത സ്ഥാപനങ്ങളുടെ പട്ടികയിൽ സിപെറ്റിനേയും ചേർക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഏലൂർ എച്ച്‌.ഐ.എൽ കോളനിയിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാസ്റ്റിക്‌സ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയുടെ കൊച്ചി കേന്ദ്രത്തിൽ (സിപെറ്റ്) ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാസ്റ്റിക് ടെക്‌നോളജിക്കായി (ഐ.പി.ടി) നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡയുടെ ആവശ്യത്തിന് മറുപടി നൽകുകയായിരുന്നു വി.മുരളീധരൻ.
ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസപരിശീന കേന്ദ്രങ്ങളിൽ പഠിച്ച വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികൾ അതത് രാജ്യങ്ങളിൽ സ്ഥാപനങ്ങളുടെയും സർക്കാരിന്റെയും തലപ്പത്തെത്തിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും നിന്ന് ഇവിടെ വന്ന് പരിശീലനം നേടിയവരെ അത്തരം ഉയർന്ന സ്ഥാനങ്ങളിൽ കാണാം. കേരളത്തിലെ ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങിയവയിലെന്നപോലെ സിപെറ്റിലും വിദേശ പഠിതാക്കൾക്ക് പരിശീലനത്തിനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് മന്ത്രാലയത്തിനോട് അഭ്യർത്ഥന വന്നിട്ടുണ്ട്. അത് സാധ്യമാക്കുമെന്നും മുരളീധരൻ പറഞ്ഞു.