വൈപ്പിൻ: ഇന്നലെയുണ്ടായ ശക്തമായ കാറ്റും മഴയും കടൽക്ഷോഭവും മൂലം വൈപ്പിൻകരയിലെ നായരമ്പലം, ഞാറക്കൽ, എടവനക്കാട് പ്രദേശങ്ങളിൽ വെള്ളം പൊങ്ങി. വേലിയിറക്കസമയത്ത് കടലിലേക്ക് വെള്ളം ഇറങ്ങാത്തതും വെള്ളപ്പൊക്കത്തിന് തീവ്രതകൂട്ടി. വൈപ്പിൻ - മുനമ്പം സംസ്ഥാനപാതയുടെ കിഴക്കൻ ഭാഗങ്ങളിൽ വെള്ളം കയറിയിട്ടില്ല. എന്നാൽ കടൽത്തീരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിലാണ് വെള്ളം പൊങ്ങിയത്. പ്രദേശങ്ങളിലുടനീളമുണ്ടായ നിരവധി കൈത്തോടുകൾ തോട്ടരികിലുള്ളവർ നേരത്തെ മൂടിക്കളഞ്ഞതും വെള്ളം കായയിലേക്കും കടലിലേക്കും ഒഴുകിപ്പോകുന്നതിന് തടസമായിട്ടുണ്ട്.
കടൽക്ഷോഭിച്ചതിനെ തുടർന്ന് കടൽഭിത്തികളുടെ മുകളിൽ കൂടിയും ഭിത്തികൾക്കിടയിൽ കൂടിയും വെള്ളം അടിച്ചുകയറുന്നുണ്ട്. ചിലയിടങ്ങളിൽ കടൽഭിത്തി ഇടിഞ്ഞപ്പോൾ മറ്റുള്ള സ്ഥലങ്ങളിൽ കടൽഭിത്തിക്ക് സമാന്തരമായി രൂപപ്പെട്ടിരുന്ന മണൽഭിത്തികൾ ഒലിച്ചുപോയി.
നായരമ്പലം പുത്തൻകടപ്പുറം ഭാഗങ്ങളിലും ഞാറക്കൽ കടപ്പുറം, ഒ.എൽ.എച്ച്.വി. കോളനി, എടവനക്കാട് പ്രദേശങ്ങളിലെ 850 ഓളം പേർ വീട് വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടി. നായരമ്പലം ഭഗവതി വിലാസം ഹൈസ്‌കൂളിൽ 700 ഓളം പേരും ഞാറക്കൽ ഫിഷറീസ് സ്‌കൂളിൽ 50 പേരും എടവനക്കാട് ഗവ. യു.പി.സ്‌കൂളിൽ 80 പേരും ദുരിതാശ്വാസ ക്യാമ്പുകളിൽ തങ്ങുന്നുണ്ട്. അതാത് വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ ക്യാമ്പുകളിൽ വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തി.