കൊച്ചി : എറണാകുളം നഗരത്തിലെ തെരുവു കച്ചവടക്കാരുടെ പുനധിവാസത്തെക്കുറിച്ച് തീരുമാനം എടുക്കാനായി രണ്ടാഴ്ചയ്ക്കുള്ളിൽ ടൗൺ വെൻഡിംഗ് കമ്മിറ്റിയുടെ യോഗം വിളിച്ചു ചേർക്കാൻ ഹൈക്കോടതി നഗരസഭക്ക് നിർദ്ദേശം നൽകി. ഇൗ വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നൽകിയ ശുപാർശകളും യോഗം പരിഗണിക്കണമെന്ന് സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ പനമ്പിള്ളി നഗറിലെ തെരുവു കച്ചവടക്കാരനായ എ. രവി ഉൾപ്പെടെ 12 പേർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. ഹർജി നവംബർ 16 ന് വീണ്ടും പരിഗണിക്കും. തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കരുതെന്നും പുതിയ കച്ചവടങ്ങൾ അനുവദിക്കരുതെന്നുമുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി നീട്ടിയിട്ടുണ്ട്. നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കാൻ നഗരസഭയ്ക്ക് ബാദ്ധ്യതയുണ്ടെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.
അമിക്കസ് ക്യൂറി റിപ്പോർട്ടിൽ നിന്ന്
കച്ചവടമേഖലയും അല്ലാത്ത മേഖലയും വേർതിരിച്ചറിയാൻ ഡിവിഷനുകൾ തിരിച്ചുള്ള മാപ്പ് നഗരസഭ ലഭ്യമാക്കണം. നഗരത്തിലെ പൊതുറോഡുകളോടു ചേർന്നുകിടക്കുന്ന പുറമ്പോക്ക് ഭൂമിയുടെ വിവരം കൊച്ചി, കണയന്നൂർ തഹസിൽദാർമാർ നഗരസഭയ്ക്ക് നൽകണം. വെൻഡിംഗ് സോൺ രൂപകല്പനക്ക് ആർക്കിടെക്ടിന്റെയും സാങ്കേതിക വിദഗ്ദ്ധരുടെയും സേവനം നഗരസഭ ലഭ്യമാക്കണം. പുനരധിവാസത്തിന് അർഹരായവരെ കണ്ടെത്താൻ സമഗ്ര സർവേ നടത്തണം. ബങ്കുകൾ അനുവദിക്കുമ്പോൾ മതിയായ സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം. ശുചിത്വം, അച്ചടക്കം എന്നിവ നിർബന്ധമാക്കണം. ഗോശ്രീ പാലത്തിന് സമീപം ജിഡയുടെ കൈവശമുള്ള സ്ഥലവും ഇവിടെയടുത്ത് പണ്ഡിറ്റ് കറുപ്പൻ സ്മാരകത്തിന് സമീപമുള്ള സ്ഥലവും ബങ്കുകൾ നിർമ്മിക്കാൻ വിട്ടുകൊടുക്കാവുന്നതാണ്. ഹൈക്കോടതി ബോട്ട് ജെട്ടിക്കു സമീപത്തെ 54 ബങ്കുകളിൽ 20 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. കൊച്ചിൻ ഷിപ്പ്‌യാർഡിന് എതിർവശത്ത് ഒായിൽ പൈപ്പ് കടന്നുപോകുന്ന ഭാഗം, എളംകുളം വില്ലേജ് സഹകരണ സംഘത്തിന്റെ മാർക്കറ്റ്, ഇവിടെ വാട്ടർ ടാങ്കിനോടു ചേർന്ന ഭൂമി തുടങ്ങിയ സ്ഥലങ്ങളിലായി 150 തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കാം.