കൊച്ചി: പ്ലാസ്റ്റിക്കിനെ പോളിമർ ആക്കുകയാണ് പ്ലാസ്റ്റിക് ഉയർത്തുന്ന വെല്ലുവിളി നേരിടാനുള്ള മാർഗമെന്ന് കേന്ദ്ര രാസവളം വകുപ്പ് മന്ത്രി ഡി.വി. സദാനന്ദ ഗൗഡ പറഞ്ഞു. മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാസ്റ്റിക്‌സ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയുടെ കൊച്ചി കേന്ദ്രത്തിൽ (സിപെറ്റ്) ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാസ്റ്റിക് ടെക്‌നോളജിക്കായി (ഐ.പി.ടി) നിർമ്മിച്ച പുതിയ കെട്ടിടം ഏലൂർ എച്ച്.ഐ.എൽ കോളനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ അനുവദിച്ച 3.49 ഏക്കർ സ്ഥലത്ത് 2000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിച്ച കെട്ടിടത്തിന് 24.90 കോടി രൂപയാണ് ചെലവ്. പഠിപ്പുകഴിഞ്ഞാലുടൻ ജോലി ഉറപ്പാക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് സിപെറ്റെന്നും മന്ത്രി പറഞ്ഞു.
പ്ലാസ്റ്റിക് നിരോധനവും നിയന്ത്രണവും സംബന്ധിച്ച സർക്കാർ നിലപാടിൽ ചിലർ ആശയക്കുഴപ്പം ഉണ്ടാക്കി. ഒറ്റത്തവണ ഉപയോഗിച്ചു കളയുന്ന പ്ലാസ്റ്റിക്കാണ് പ്രശ്‌നം. പുനരുപയോഗമാണ് വേണ്ടത്. പ്ലാസ്റ്റിക്കിനെ പോളിമറാക്കി മാറ്റിയാൽ പ്രശ്‌നങ്ങൾ കുറയുമെന്നും, മന്ത്രി പറഞ്ഞു.
ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, പെട്രോ കെമിക്കൽസ് ജോയിന്റ് സെക്രട്ടറി കാശിനാഥ് ഝാ, ഏലൂർ നഗരസഭാ അദ്ധ്യക്ഷ സി.പി. ഉഷ, കുസാറ്റ് വി. സിഡോ. കെ.എൻ. മധുസൂദനൻ, സിപെറ്റ് ഡയറക്ടർ ജനറലൽ പ്രൊഫ. ഡോ.എസ്.കെ. നായക്, സിപെറ്റ് കൊച്ചി പ്രിൻസിപ്പൽ ഡയറക്ടറും മേധാവിയുമായ ഡോ. ബി. ശ്രീനിവാസലു എന്നിവർ പ്രസംഗിച്ചു.