കൊച്ചി: ചട്ടങ്ങൾ മറികടന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണത്തിന് മുൻകാല പ്രാബല്യം നൽകിയ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ നടപടി പിന്നാക്കവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഭരണഘടനയുടെ അന്ത:സത്തയ്ക്ക് വിരുദ്ധമാണ് സാമ്പത്തിക സംവരണം. ഭരണഘടനാ ശില്പിയായ ഡോ. ബി.ആർ.അംബേദ്കറുടെ ആത്മാവിന് മുറിവേൽപ്പിക്കുന്നതാണ് ഈ നടപടി. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സബ്ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2/ എൽ.ഡി.ക്ളാർക്ക് നിയമന വിജ്ഞാപനത്തിൽ സാമ്പത്തിക സംവരണം ഇല്ലെന്നിരിക്കെ അത് നടപ്പാക്കുന്നത് നിയമവിരുദ്ധമാണ്. മാനദണ്ഡങ്ങൾ പ്രഖ്യാപിക്കാതെ വളഞ്ഞ വഴിയിലൂടെ സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിനെ
നിയമപരമായി നേരിടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഫലത്തിൽ മുന്നാക്ക സംവരണം: ജോഷി
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടപ്പാക്കുന്നത് മുന്നാക്ക വിഭാഗങ്ങളുടെ സംവരണമാണെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി പറഞ്ഞു. സാമ്പത്തിക സംവരണത്തിന് ജാതി പരിഗണനയുടെ കാര്യമില്ല. പാവപ്പെട്ട എല്ലാവർക്കും ഇതിന് അർഹത നൽകുകയാണ് വേണ്ടത്.
സാമ്പത്തിക മാനദണ്ഡങ്ങൾ പരസ്യപ്പെടുത്തി വിജ്ഞാപനം ചെയ്യാതെ മുന്നാക്ക സംവരണം നടപ്പിലാക്കുന്നതിൽ സർക്കാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
നീതികരണമില്ല:
ഒ.ബി.സി മോർച്ച
രഹസ്യമായി സാമ്പത്തിക സംവരണം നടപ്പാക്കാൻ ശ്രമിക്കുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ നടപടി പരിഹാസ്യമാണെന്ന് ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പല്പു പറഞ്ഞു.നിയമന നടപടികൾ റദ്ദാക്കണം. സംസ്ഥാന സർക്കാരിന് ഇതിൽ പങ്കില്ലെങ്കിൽ ഇതിന് പിന്നിലെ കള്ളക്കളികളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.