കൊച്ചി: മലയാളം സിനി ടെക്‌നീഷ്യൻസ് അസോസിയേഷന്റെ (മാക്ട)​യുടെ നേതൃത്വത്തിൽ നടത്തുന്ന വനിതാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഇന്ന് തുടക്കമാകും. രാവിലെ പത്തിന് ശ്രീലങ്കൻ നടിയും സംവിധായികയുമായ മാലിനി ഫൊൻസേക ഉദ്ഘാടനം ചെയ്യും. നടിയും സംവിധായികയുമായ സീമ ബിശ്വാസാണ് ഫെസ്റ്റിവൽ ഡയറക്ടർ. സുഡാനീസ് ഈജിപ്ഷ്യൻ സംവിധായിക മാവാ സീനിന്റെ ഖാർതൂമ് ഓഫ്‌സൈഡ് ആണ് ഉദ്ഘാടന ചിത്രം. വൈകിട്ട് മൂന്നിന് മാലിനി ഫോൺ സെകയുമായി സംവാദം. നാലിന് സിനിമ സ്ത്രീകളുടെ തൊഴിലിടം ചർച്ച.

ഒരു ദിവസം അഞ്ച് സിനിമകളാണ് പ്രദർശിപ്പിക്കുക. പങ്കെടുക്കാൻ http://mwiff.co.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. പ്രവേശന ഫീസില്ല.

നവംബർ മൂന്നിന് വൈകിട്ട് ആറിന് സമാപന ചടങ്ങിൽ മാക്ട ലെജൻഡ് ഹോണർ പുരസ്‌കാരം നടൻ മധുവിന് സമ്മാനിക്കും. സംവിധായകരായ ജയരാജ്, ഫെസ്റ്റിവൽ ഡയറക്ടർ സീമ ബിശ്വാസ്, രേവതി വർമ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.