കൊച്ചി: വെള്ളക്കെട്ടിന്റെയും ഭരണകെടുകാര്യസ്ഥതയുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൗൺസിൽ യോഗം സ്തംഭിപ്പിച്ചു. ഹൈക്കോടതി പരാമർശത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി മേയർക്ക് ഭരണത്തിൽ തുടരാൻ ധാർമ്മിക അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ മാത്രം ഉണ്ടാക്കുന്ന കോർപ്പറേഷൻ ഭരണം എന്തിനാണെന്നാണ് ഹൈക്കോടതി ചോദിച്ചത്. ഒരു തദ്ദേശസ്ഥാപനത്തിനെതിരെ കോടതി ഇത്രയും കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നത് ആദ്യമായാണ്. ഒരു വിഷയത്തിലും ശാശ്വതമായ പരിഹാരം കാണാൻ കോർപ്പറേഷനാകുന്നില്ല. വെള്ളക്കെട്ടിന് ശാസ്ത്രീയ പരിഹാരം ഇല്ല. റോ റോ വിഷയത്തിലും എസ്.പി.വി രൂപീകരിക്കുന്നതിലും ഭരണാധികാരികൾ കാണിക്കുന്നത് കടുത്ത അനാസ്ഥയാണ്. മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ നോട്ടീസും ഭരണത്തിലെ അനാസ്ഥയിലേക്കാണ് വിരൽചൂണ്ടുന്നത്. ജനങ്ങൾക്കും സ്വന്തം പാർട്ടിക്കും വേണ്ടാത്ത മേയർ രാജിവെയ്ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
'സ്വന്തം അംഗരക്ഷകരാൽ കൊല്ലപ്പെട്ട ഇന്ദിരാഗാന്ധിയായിരുന്നു കോൺഗ്രസിന്റെ പ്രധാനമന്ത്രി'യെന്ന് മേയർ പ്രതിപക്ഷ നേതാവിന് മറുപടിയും നൽകി.
ഡെപ്യൂട്ടി മേയർ ഇല്ലാത്തതിനാൽ ഭരണസ്തംഭനമാണ് കോർപ്പറേഷനിൽ ഉള്ളതെന്നും പ്രതിപക്ഷം ആരോപിച്ചു. പി എസ് പ്രകാശ്, ബെനഡിക് ഫെർണാണ്ടസ് എന്നീ കൗൺസിലർമാരും മേയർക്കെതിരെ രൂക്ഷമായ ആരോപണം ഉയർത്തി. 'നഗരം വെള്ളത്തിനടിയിലാക്കിയ മേയർ രാജിവെയ്ക്കണം' എന്നാവശ്യപ്പെടുന്ന ബാനർ ഉയർത്തി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. ബഹളത്തിനിടയിൽ എല്ലാ അജണ്ടകളും പാസായതായി അറിയിച്ചുകൊണ്ട് മേയർ കൗൺസിൽ യോഗം പിരിച്ചുവിട്ടു. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ മേയറുടെ ഓഫീസ് ഉപരോധിച്ചു. ഓഫീസിന് മുന്നിൽ കുത്തിയിരുന്ന പ്രതിപക്ഷ കൗൺസിലർമാർ മുദ്രാവാക്യം മുഴക്കി.
അതേസമയം ബഹളം മൂലം ഭരണപക്ഷത്തുനിന്ന് ആർക്കും സംസാരിക്കാൻ അവസരം ലഭിച്ചില്ല.