# അപേക്ഷകൾ ഇന്നു മുതൽ 13 വരെ ഗ്രാമപഞ്ചായത്തുകളിലും

വില്ലേജ് ഓഫീസുകളിലും സ്വീകരിക്കും

വൈപ്പിൻ : വിവിധ സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെടാതെ കിടക്കുന്ന വൈപ്പിൻ നിയോജകമണ്ഡലത്തിലെ താമസക്കാരുടെ പാരാതികൾക്കും അപേക്ഷകൾക്കും പരിഹാരം കാണുന്നതിനായി ജനകീയ അദാലത്ത് സംഘടിപ്പിക്കുന്നു. പട്ടയം കൈവശരേഖ, വീട്ടുനമ്പർ, റേഷൻ കാർഡിൽ പേരുചേർക്കൽ, ബി.പി. എൽ വിഭാഗത്തിൽ ഉൾപ്പെടുത്തൽ, ആശ്രയ ആനുകൂല്യങ്ങൾ, ക്ഷേമ പെൻഷനുകൾ, വൈദ്യുതി, ശുദ്ധജല കണക്ഷൻ, ഗതാഗത പ്രശ്‌നങ്ങൾ, സി.ആർ.ഇസഡ് അനുമതി , ഭവന നിർമ്മാണ പദ്ധതികളിലെ തടസങ്ങൾ, ചികിത്സാ ധനസഹായം , ലംപ്‌സം ഗ്രാൻഡ് , വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ, റിസ്‌ക് ഫണ്ട് , ജപ്തി നടപടികൾ., കടലാക്രമണം, മത്സ്യബന്ധനമേഖല, പോർട്ട് ട്രസ്റ്റ്മായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങി പരിഹരിക്കപ്പെടാതെ കിടക്കുന്ന പരാതികൾ / അപേക്ഷകൾ എന്നിവക്ക് പരിഹാരം കാണും. പ്രളയവുമായി ബന്ധപ്പെട്ട അപേക്ഷകളിൽ തുടർനടപടികൾ നടന്നു വരുന്നതിനാൽ അത്തരം അപേക്ഷകൾ നൽകേണ്ട.

വെള്ളക്കടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആധാർ നമ്പർ, റേഷൻകാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവ എഴുതണം. പരാതി സംബന്ധിച്ച് ലഭ്യമായ രേഖകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽകണം. അപേക്ഷ നൽകുമ്പോൾ ലഭിക്കുന്ന കൈപ്പറ്റ് രസീത് അദാലത്ത് ദിവസം കൊണ്ടുവരണം. അദാലത്ത് സംഘടിപ്പിക്കുന്ന സ്ഥലം , ദിവസം , സമയം എന്നിവ പിന്നീട് അറിയിക്കും.

വൈപ്പിൻ നിയോജകമണ്ഡലത്തിലെ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, എളങ്കുന്നപ്പുഴ, മുളവുകാട് , കടമക്കുടി എന്നീ ഗ്രാമപഞ്ചായത്തുകളിലെ താമസക്കാർക്ക് വേണ്ടിയാണ് അദാലത്ത്. ഇത് പരാമാവധി പ്രയോജനപ്പെടുത്തണമെന്ന് ജനകീയ അദാലത്ത് ചെയർമാൻ എസ്. ശർമ എം എൽ എ അഭ്യർത്ഥിച്ചു.