കാലടി: കാലടിയിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കുക, ശ്രീശങ്കരപാലത്തിന്റെ സമാന്തരപാലം നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സേവ് പീപ്പിൾസ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നവംബർ 2ന് വൈകിട്ട് 6ന് കാലടിയിൽ ജനകീയ സമ്മേളനം നടത്തുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ അഡ്വ. ജോസ് ചാക്കോ അറിയിച്ചു. ടൗണിലെ ഓപ്പൺ എയർ സ്‌റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനം ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ ഏഴ് വർഷമായി മാറിമാറിവരുന്ന സർക്കാരുകൾ കാലടി സമാന്തരപാലത്തെ അവഗണിക്കുകയാണെന്നും ഇതിന്റെ സത്യാവസ്ഥ വിവരാവകാശത്തിലൂടെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്നും സംഘാടകർ പറഞ്ഞു. വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക, തൊഴിൽരംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ സദാനന്ദൻ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ സെന്റ്. ജോർജ് പള്ളി വികാരി ഫാ. ജോൺ പുതുവ, ട്രഷറർ ഡേവിഡ് കല്ലുക്കാടൻ, സി.കെ. അൻവർ, കെ.ഡി. ഷാജി, സി.വി. ശശി, മാർട്ടിൻ പി. ആന്റണി, ലോഹിതാക്ഷൻ ടി.കെ, കെ.ഒ. തോമസ്, സെബാസ്റ്റ്യൻ കന്നപ്പിള്ളി, സിതിൾകുമാർ എന്നിവർ പങ്കെടുത്തു.