കാലടി: മലയാറ്റൂർ - കാലടി റോഡിൽ വെള്ളക്കെട്ടും കുഴികളും പെരുകി. റോഡിന് വീതികൂട്ടണമെന്ന കോടതി ഉത്തരവ് ഇതുവരെയും നടപ്പിലാക്കിയിട്ടില്ലെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിഅംഗം ടി.ഡി.സ്റ്റീഫൻ പറഞ്ഞു.
കാനകൾ തീർക്കാതെയും വീതി കൂട്ടാതെയും നടത്തുന്ന പ്രവർത്തനങ്ങൾ പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടിന് കാരണമായി. മലയാറ്റർ, മേക്കാലടി, കാലടി ടൗൺ എന്നിവിടങ്ങളിൽ കട്ടവിരിച്ച് നടത്തിയ നവീകരണം പാരയായതായാണ് പരാതി. ഇവിടെ ശക്തമായ വെള്ളക്കെട്ട് രൂപപ്പെടുകയും പരിസരത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വെള്ളം കയറുന്നത് തുടരുകയും ചെയ്യുന്നതായാണ് പരാതി. അടിയന്തരമായി റോഡിന്റെ വീതി കൂട്ടുകയും കാനകൾ നിർമ്മിക്കുകയും വേണമെന്നാണ് ആവശ്യം.