# വികസനത്തിൽ വൻ മുന്നേറ്റമെന്ന് ചെയർമാൻ
# ഭരണസ്തംഭനവും അഴിമതിയുമെന്ന് പ്രതിപക്ഷം

പറവൂർ : പറവൂർ നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ് രാജിവച്ചു. കോൺഗ്രസ് പാർട്ടിയിൽ ഉണ്ടാക്കിയ ധാരണപ്രകാരമാണ് രാജിവച്ചത്. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിനു ശേഷമാണ് രാജിക്കത്ത്നൽകിയത്. ഡി. രാജ്കുമാറാകും പുതിയ ചെയർമാൻ. തിരഞ്ഞെടുപ്പ് നടപടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും.

രണ്ടുമാസം മുമ്പ് പ്രതിപക്ഷം ചെയർമാനെതിരെ അവിശ്വാസ പ്രമോയത്തിന് നോട്ടീസ് നൽകിയിരുന്നു. ഈ സമയത്ത് പാർട്ടിക്കുള്ളിൽ ചെർമാൻ സ്ഥാനത്തെച്ചൊല്ലി തർക്കങ്ങൾ ഉടലെടുത്തു. പാർട്ടി ഇടപ്പെട്ട് പ്രശ്നങ്ങൾ പരിഹരിച്ചപ്പോഴുണ്ടാക്കിയ ധാരണ പ്രകാരമാണ് രാജി. അടുത്ത ആറുമാസം ഡി. രാജ്കുമാർ ചെയർമാനാകും. പിന്നീട് പ്രതീപ് തോപ്പിലിന് ചെയർമാൻ സ്ഥാനം നൽകാനാണ് ധാരണ.

വികസനത്തിന്റെ നാലുവർഷം : ചെയർമാൻ

അധികാരത്തിൽ വന്നപ്പോൾ പ്രഖ്യാപിച്ച പദ്ധതികളിൽ 90 ശതമാനവും നാലുവർഷത്തിനുള്ളിൽ ചെയ്യാനായെന്ന് രമേഷ് ഡി.കുറുപ്പ് പറഞ്ഞു. മാസ്റ്റർപ്ളാൻ പ്രശ്ന പരിഹാരം, ടൗൺഹാൾ, പള്ളിത്താഴം ഫിഷ് മാർക്കറ്റ് എന്നിവയുടെ നവീകരണം, വഴിയോരക്കച്ചവട പുനരധിവാസ കേന്ദ്രം, താലൂക്ക് ആശുപത്രിയുടെ വികസനം, കുടുംബശ്രീയുടെ വിവിധ പദ്ധതികൾ, സ്വകാര്യ ലിമിറ്റഡ് ബസ് സ്റ്റാൻഡ് തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പാക്കി.

ഭരണസ്തംഭനവും അഴിമതിയും ഭരണനേട്ടം: എൽ.ഡി.എഫ്

നഗരസഭ ചെയർമാനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ശരിവയ്ക്കുന്നതാണെന്ന് ചെയർമാന്റെ രാജിയെന്ന് എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. മാസ്റ്റർ ലാൻ പ്രശ്നപരിഹാരം നീട്ടിക്കൊണ്ടുപോയി, കവല വികസനം, മുനിസിപ്പൽ സ്റ്റേഡിയം നവീകരണം, വാഗ്ദാനം നൽകിയ നിരവധി പദ്ധതികൾ എന്നിവ യാഥാർത്ഥ്യമായില്ല. ഗതാഗതക്കുരുക്ക്, വെള്ളക്കെട്ട്, മാലിന്യപ്രശ്നം, തെരുവുനായ് ശല്യം എന്നിവ പരിഹരിച്ചില്ല. ഭരണ സ്തംഭനം, അഴിമതി, ധൂർത്ത് എന്നിവയായിരുന്നു കഴിഞ്ഞ നാലുവർഷത്തെ ഭരണമെന്ന് എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു. നേതാക്കളായ കെ.എ. വിദ്യാനന്ദൻ, ടി.വി. നിഥിൻ, എസ്. ശ്രീകുമാരി, എസ്. സുധാകരൻ പിള്ള, സി.പി. ജയൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.