കൊച്ചി: നഗരത്തിലെ പ്രധാന കനാലുകളുടെ നവീകരണം ലക്ഷ്യമിട്ടുള്ള ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം പ്രോജക്ടിന്റെ (ഐ.യു.ആർ.ഡബ്ല്യു.ടി.എസ്) വിശദമായ രൂപരേഖ, സൂപ്പർവൈസറി സേവനങ്ങൾ എന്നിവയ്ക്കുള്ള ടെൻഡർ നെതർലാൻഡ് ആസ്ഥാനമായുള്ള കൺസോർഷ്യത്തിന് കൈമാറിയതായി കെ.എം.ആർ.എൽ അറിയിച്ചു. ആന്റിയ നെഡർലാൻഡ് ബിവി (നെതർലാന്റ്‌സ്), യൂണിഹോൺ എന്നീ ഏജൻസികൾ ചേർന്നുള്ള കൺസോർഷ്യത്തിനാണ് ജോലി ചുമതല. ആകെ ആറ് കൺസൾട്ടൻസികളാണ് ടെൻഡറിൽ പങ്കെടുത്തത്. 22.67 കോടി രൂപ മൂല്യമുള്ള ടെൻഡറിൽ 42 മാസമാണ് പൂർത്തീകരണ കാലാവധി. പുതിയ ഏജൻസി നിലവിലുള്ള ഡിപിആർ വിലയിരുത്തി പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് സമഗ്രമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും.
# അഞ്ചു കനാലുകൾക്ക് പുനർജീവൻ
ഇടപ്പള്ളി കനാൽ (11.15 കി.മീ), ചിലവന്നൂർ കനാൽ (11.023), തേവരപേരണ്ടൂർ കനാൽ (9.84 കി.മീ), തേവര കനാൽ (1.41 കി.മീ), മാർക്കറ്റ് കനാൽ (0.66) എന്നിങ്ങനെ 34.083 കി.മീ ദൈർഘ്യമുള്ള അഞ്ച് പ്രധാന കനാലുകൾ പുനരുജ്ജീവിപ്പിച്ച് കനാലുകളുമായുള്ള നഗരത്തിന്റെ ബന്ധം പുനസ്ഥാപിക്കുകയാണ് പദ്ധതിയിലൂടെ കെഎംആർഎൽ ലക്ഷ്യമിടുന്നതെന്ന് എംഡി അൽകേഷ് കുമാർ ശർമ പറഞ്ഞു. വെനീസ്, ആംസ്റ്റർഡാം, ലണ്ടൻ തുടങ്ങി ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങൾ ജലപാതകൾക്കും കനാലുകൾക്കും പേരുകേട്ടതാണ്. എല്ലാ പ്രധാന നഗരങ്ങളും ജലപാതകളെ പുനരുജ്ജീവിപ്പിപ്പിക്കുകയും വരുമാന മാർഗമാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കൊച്ചിയിൽ 20 ശതമാനം മാത്രമാണ് ജലപാതകൾക്കായി ഉപയോഗിക്കുന്നത്. ശേഷിക്കുന്ന ഭാഗങ്ങൾ ഡ്രെയിനേജിനായാണ് പ്രയോജനപ്പെടുത്തുന്നത്. കനാലുകൾ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താത്തതിനാലാണ് നഗരം വെള്ളക്കെട്ട് പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നത്. അതിനാൽ കനാൽ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കേണ്ടത് അടിയന്തിര ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
# വെള്ളപ്പൊക്ക സാദ്ധ്യത കുറയും
കനാൽ പുനരുജ്ജീവിപ്പിക്കൽ, നഗരവുമായുള്ള സംയോജനം, പ്രവേശനക്ഷമത മെച്ചപ്പെടുത്തൽ എന്നിവ പദ്ധതി വഴി ഉറപ്പാക്കും. കനാലുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനും മലിനീകരണ രഹിതമാക്കുന്നതിനും സ്വതന്ത്ര മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കും. മലിനജലം പുറന്തള്ളുന്നത് തടയുക, വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുക, ജലത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കിക്കൊണ്ട് വെള്ളം നിലനിർത്തുകയും നിറയ്ക്കുകയും ചെയ്യുക എന്നിവ വഴി കനാൽ പുനരുജ്ജീവിപ്പിക്കും. കനാലുകൾക്ക് സമീപം വിനോദ ഇടങ്ങൾ സൃഷ്ടിക്കും. പൈതൃക സ്ഥലങ്ങളും കെട്ടിടങ്ങളും ഇതുവഴി ബന്ധപ്പെടുത്തും.