ഫോർട്ട് കൊച്ചി: മഹാ ചുഴലിക്കാറ്റിൽ ഫോർട്ടുകൊച്ചിയിലും ചെല്ലാനത്തും കനത്ത നാശം. ഫോർട്ടുകൊച്ചിയിൽ 21 വള്ളങ്ങൾ ഭാഗികമായി തകർന്നു. ചെല്ലാനത്ത് ആയിരത്തോളം വീടുകളിൽ വെള്ളം കയറി. ചെല്ലാനത്തെ കിഴക്കൻ മേഖല കടൽ ആക്രമണവും പടിഞ്ഞാറൻ മേഖല വേലിയേറ്റവും മൂലം പൊറുതിമുട്ടി. ഫോർട്ടുകൊച്ചിയിൽ കടപ്പുറത്ത് കയറ്റി വെച്ച വള്ളങ്ങളാണ് തിരമാലയിൽ ഉയർന്നുപൊങ്ങി തകർന്നത്. ഇന്നലെ പുലർച്ചെ ഒന്നര മണിയോടെയാണ് തുടക്കം.എഞ്ചിനും വലയും മറ്റു സാമഗ്രികളും കടലിൽ ഒലിച്ചു പോയി. ഒരു വള്ളത്തിന് രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ചീനവലയോട് രൂപം കൊണ്ട മണൽതിട്ട മുഴുവനും കടലെടുത്തു.
ചെല്ലാനത്തെ നിരവധി കുടുംബങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവരെ സമീപത്തെ സ്ക്കൂളുകളിലേക്ക് മാറ്റി. രാത്രി 12 ന് തുടങ്ങിയ കടലാക്രമണം ഇന്നലെ വൈകിട്ട് വരെ തുടർന്നു. കണ്ണമാലി ഭാഗത്തെ 2 വള്ളങ്ങൾ തകർന്നിട്ടുണ്ട്. നിരവധി വീടുകൾ ഇടിഞ്ഞു വീണു. കൊച്ചി തഹസിൽദാർ എ.ജെ.തോമസ് മറ്റു ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.