കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ ചെല്ലാനം മുതൽ ചെറായി വരെയുള്ള തീരദേശങ്ങളിൽ കടൽ ഭിത്തി ആവശ്യമുള്ള മുഴുവൻ സ്ഥലങ്ങളിലും കടൽ ഭിത്തി നിർമ്മിക്കുന്നതിനാവശ്യമായ നടപടികൾ ധ്രുത ഗതിയിൽ സ്വീകരിക്കണമെന്ന് ഹൈബി ഈഡൻ എം. പി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേർത്ത എം. പി മാരുടെ കോൺഫറൻസിലാണ് ഹൈബി ഈഡൻ ഈ ആവശ്യം ഉന്നയിച്ചത്.
നിലവിൽ ചെല്ലാനം ഭാഗത്തു നിർമ്മാണം നടക്കുന്ന ജിയോ ട്യൂബ് അശാസ്‌ത്രീയമാണ്. തീരദേശങ്ങളിലെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണ്. കടൽ ക്ഷോഭത്തിൽ മത്സ്യ തൊഴിലാളികളുടെ ഉപജീവന മാർഗങ്ങളായ വള്ളവും വലയുമെല്ലാം വ്യാപകമായി നഷ്ടപ്പെട്ടു. ഇവർക്ക് നഷ്ട പരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ബി.പി.സി.എല്ലിന്റെ സ്വകാര്യവത്ക്കരണം, സീ പോർട്ട് - എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ട വികസനം, കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം, റെയിൽവേ വികസനം, കൊച്ചിയിലെ വിവിധ ആർ.ഒ. ബി കളുടെ നിർമ്മാണം, ഫാക്ട് പുനരുദ്ധാരണ പാക്കേജ്, ദേശീയ കരട് വിദ്യാഭ്യാസ നയം മുതലായവയും ഹൈബി ഈഡൻ എം. പി കോൺഫറൻസിൽ അവതരിപ്പിച്ചു.