മൂവാറ്റുപുഴ: ഏഷ്യയിൽ ഏറ്റവും അധികം പൈനാപ്പിൾ ഉത്പ്പാദിപ്പിക്കുന്ന വാഴക്കുളത്തെ സർക്കാർ പൊതുമേഖല സ്ഥാപനമായ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനി ആസ്ഥാനമായി പൈനാപ്പിൾ വൈനും, വീര്യംകുറഞ്ഞ മദ്യവും ഉൽപ്പാദിപ്പിക്കാൻപദ്ധതി തയ്യാറാക്കണമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണനേയും , കൃഷി വകുപ്പ് മന്ത്രി വി.എസ് .സുനിൽകുമാറിനെയും നേരിൽ കണ്ട് എൽദോ എബ്രഹാം എം.എൽ.എ ആവശ്യപ്പെട്ടു. കശുമാമ്പഴം, വാഴപ്പഴം, ചക്കപ്പഴം മുതലായ പഴവർഗങ്ങളിൽ നിന്നുമാണ് അബ്കാരി നിയമത്തിനനുസരിച്ച് വൈനും, വീര്യകുറഞ്ഞ മദ്യവും ഉത്പാദിപ്പിക്കാൻ സർക്കാർ ലൈസൻസ് നൽകാൻ തീരുമാനിച്ചത്. ഇതിൽപൈനാപ്പിളിനെയും ഉൾപ്പെടുത്തണം. പൈനാപ്പിളിനെയും ഉൾപ്പെടുത്തുമെന്നും മന്ത്രി ഉറപ്പ് നൽകിയതായി എം.എൽ.എ പറഞ്ഞു. ഭൗമസൂചിക പദവി നേടിയിട്ടുള്ള വാഴക്കുളം പൈനാപ്പിളിന് വിദേശത്തടക്കം വലിയ ഡിമാൻഡാണ്. കർഷകർ ഉത്പാദിപ്പിക്കുന്ന പൈനാപ്പിൾ പൂർണതോതിൽ വിറ്റഴിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഉത്പാദനത്തിന് അനുസൃതമായി പൈനാപ്പിൾ സംഭരിക്കാൻ കഴിയാത്തത് മൂലം വിപണിയിൽ വിലയിടിഞ്ഞ് ടൺ കണക്കിന് പൈനാപ്പിളാണ് ഓരോ വർഷവും നശിക്കുന്നത്.വാഴക്കുളം അഗ്രോപ്രൊസസിംഗ് കമ്പനിയിൽ പൈനാപ്പിളിൽ നിന്നും വൈനും, വീര്യംകുറഞ്ഞ മദ്യവും ഉൽപ്പാദിപ്പിക്കാൻ നടപടി സ്വീകരിച്ചാൽ വാഴക്കുളത്തെ ആയിരകണക്കിന് പൈനപ്പിൾ കർഷകർക്കും, പ്രതിസന്ധിയിലായ കമ്പനിയുടെ വളർച്ചയ്ക്കും ആശ്വാസകരമാകും. മർച്ചന്റ് അസോസിയേഷൻ, കാർഷിക കൂട്ടായ്മകൾ, എന്നിവയ്ക്കും അബ്കാരി നിയമത്തിനനുസരിച്ച് അനുമതി നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.