ആലുവ: അപ്രതീക്ഷിതമായി നഷ്ടപ്പെട്ട ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫ് തിരിച്ചു പിടിച്ചു. സി.പി.എം. ലോക്കൽ കമ്മിറ്റിയംഗം കെ.എ. ഹാരിസിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
ആറ് മാസം പ്രസിഡന്റ് സ്ഥാനം വഹിച്ച കോൺഗ്രസിലെ ബാബു പുത്തനങ്ങാടിയെ രണ്ടാഴ്ച്ച മുമ്പ് അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു.
വരണാധികാരി പൊതുമരാമത്ത് ബ്രിഡ്ജസ് അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ പിയൂസിന്റെ അദ്ധ്യക്ഷതയിലായിരുന്നു തിരഞ്ഞെടുപ്പ്. കെ.എ. ഹാരിസിനെതിരെ ബാബു പുത്തനങ്ങാടി തന്നെയാണ് മത്സരിച്ചത്. പതിനെട്ടംഗ ഭരണസമിതിയിൽ 10 വോട്ട് ഹാരിസിനും എട്ട് വോട്ട് ബാബുവിനും ലഭിച്ചു.
പ്രസിഡന്റായിരുന്ന എ.പി. ഉദയകുമാർ സി.പി.എം. ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ തുടർന്ന് സ്ഥാനം രാജിവെച്ചിരുന്നു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ രണ്ടംഗങ്ങൾ കൂറുമാറി വോട്ട് ചെയ്തതോടെ ഇരു മുന്നണിക്കും തുല്യവോട്ടുകൾ ലഭിച്ചു. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസിലെ ബാബു പുത്തനങ്ങാടി പ്രസിഡന്റായത്.